അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (14:27 IST)
ഏകദിന പരമ്പരയിലെ വിജയത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ഇന്ത്യ ഇറങ്ങുന്നു. കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ക്ക് നിര്‍ണായകമാണ്. ടി20 ലോകകപ്പിന് മുന്‍പായി ടീമില്‍ അവസാന അഴിച്ചുപണികള്‍ നടത്താനുള്ള അവസരമായിട്ടാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയെ ഇന്ത്യ കാണുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ 5 ടി20 മത്സരങ്ങള്‍ കഴിഞ്ഞാല്‍ ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ 5 ടി20 മത്സരങ്ങളുടെ പരമ്പരയില്‍ കൂടി ലോകകപ്പിന് മുന്‍പായി ഇന്ത്യ കളിക്കും.
ഈ 2 പരമ്പരകളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാകും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരെഞ്ഞെടുക്കുക. ഈ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണ് 2 പരമ്പരകളും നിര്‍ണായകമാകും. ഗില്‍ മടങ്ങിയെത്തിയതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായ സഞ്ജു മധ്യനിരയിലാകും ഇന്ത്യയ്ക്കായി ഇറങ്ങുക. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമാകുന്ന സാഹചര്യത്തില്‍ ടോപ് ഓര്‍ഡറിലും സഞ്ജുവിനെ ഉപയോഗിക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനം. മൂന്നാം നമ്പറില്‍ നായകന്‍ സൂര്യകുമാറും നാലാമനായി തിലക് വര്‍മയും ക്രീസിലെത്തും. അഞ്ചാമനായാകും സഞ്ജു ക്രീസിലെത്തുക.
പരിക്കില്‍ നിന്ന് മോചിതനായ ഹാര്‍ദ്ദിക് പാണ്ഡ്യ ആറാമനായും അക്ഷര്‍ പട്ടേല്‍ ഏഴാമനായും ഇറങ്ങാനാണ് സാധ്യത. മിസ്റ്ററില്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ടീമിലുള്ളതിനാല്‍ വാഷിങ്ങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് ഇവരില്‍ ഒരാള്‍ മാത്രമാകും പ്ലേയിങ് ഇലവനില്‍ ഉണ്ടാവുക. ജസ്പ്രീത് ബുമ്രയും അര്‍ഷദീപും ഹര്‍ഷിത് റാണയുമാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന പേസര്‍മാര്‍.