സൂര്യകുമാറിന്റെ കരിയര്‍ നശിപ്പിച്ചത് ബിസിസിഐ; ആ തീരുമാനമാണ് എല്ലാറ്റിനും കാരണം !

ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ 15, 1, 0 എന്നിങ്ങനെയാണ് സൂര്യയുടെ സ്‌കോറുകള്‍

രേണുക വേണു| Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (08:23 IST)

തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് സൂര്യകുമാര്‍ യാദവ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തൊടുന്നതിലെല്ലാം പിഴയ്ക്കുന്നു. ക്രീസില്‍ എത്തിയാല്‍ വെടിക്കെട്ടിന് തിരി കൊളുത്തുന്ന സൂര്യ ഇപ്പോള്‍ തുടര്‍ച്ചയായി പൂജ്യത്തിനു പുറത്താകുന്ന കാഴ്ച ആരാധകരെയും വേദനിപ്പിക്കുന്നു. സൂര്യയുടെ കരിയറില്‍ ഇങ്ങനെയൊരു മോശം സമയം വരാന്‍ കാരണം ബിസിസിഐ ആണെന്നാണ് ആരാധകരുടെ വിമര്‍ശനം. പ്രോപ്പര്‍ ട്വന്റി 20 ബാറ്ററായ സൂര്യയെ ഏകദിനത്തിലും ടെസ്റ്റിലും പരീക്ഷിച്ച് താരത്തിന്റെ കരിയര്‍ നശിപ്പിക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു.

ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങള്‍ കഴിയുമ്പോള്‍ 15, 1, 0 എന്നിങ്ങനെയാണ് സൂര്യയുടെ സ്‌കോറുകള്‍. ട്വന്റി 20 യില്‍ അനായാസം ബാറ്റ് ചെയ്തിരുന്ന സൂര്യ ഒരുതരത്തിലും ക്രീസില്‍ സെറ്റാകുന്നില്ല. ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരം മുതലാണ് സൂര്യകുമാറിന്റെ ഫോം മങ്ങി തുടങ്ങിയത്. പിന്നീട് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും തുടര്‍ച്ചയായി ഡക്കിന് പുറത്തായി.

ടെസ്റ്റിലും ഏകദിനത്തിലും പരീക്ഷിക്കാന്‍ തുടങ്ങിയതോടെ സൂര്യയുടെ കരിയര്‍ ചോദ്യചിഹ്നമായി. താരത്തിനു വഴങ്ങാത്ത ഫോര്‍മാറ്റുകളില്‍ കളിപ്പിക്കാനുള്ള ബിസിസിഐ തീരുമാനമാണ് സൂര്യയുടെ ഫോംഔട്ടിന്റെ പ്രധാന കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :