ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യക്കാരൻ: ധവാനെ മറികടന്ന് സൂര്യകുമാർ

അഭിറാം മനോഹർ| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (12:27 IST)
സ്വപ്നതുല്യമായ ഐപിഎല്ലിലെ പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടീമിലും മികച്ച പ്രകടനവുമായി തിളങ്ങുകയാണ് സൂര്യകുമാർ യാദവ്. ക്രീസിലെത്തി ആദ്യ പന്ത് മുതൽ ഷോട്ടുകൾ പ്രവഹിക്കുന്ന ബാറ്റിങ് ശൈലിയിലൂടെ ഇന്ത്യയുടെ 360 ഡിഗ്രീ ബാറ്റ്സ്മാനെന്ന വിശേഷണം സൂര്യകുമാർ സ്വന്തമാക്കിയത് വളരെ വേഗമാണ്.

ഇന്നലെ ഗ്രീൻഫീൽഡിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ നേടിയ അർധശതകത്തോടെ ഒരു പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. സൗത്താഫ്രിക്കക്കെതിരെ 33 പന്തിൽ പുറത്താകാതെ 50 റൺസാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ ടി20യിൽ ഏറ്റവുമധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സൂര്യ സ്വന്തമാക്കി.

2022ൽ 21 ഇന്നിങ്ങ്സിൽ നിന്നും 40.66 ശരാശരിയിൽ 732 റൺസാണ് സൂര്യ ഇതുവരെ നേടിയത്. അഞ്ച് അർധശതകവും ഒരു സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. 2018ൽ നേടിയ 689 റൺസിൻ്റെ റെക്കോർഡാണ് സൂര്യ മറികടന്നത്. 18 മത്സരങ്ങളിൽ നിന്നും 40.5 ശരാശരിയിലായിരുന്നു ധവാൻ്റെ റൺനേട്ടം. 2016ൽ 641 റൺസ് നേടിയ കോലി 2018ൽ 590 റൺസ് കണ്ടെത്തിയ രോഹിത് ശർമ്മ എന്നിവരാണ് സൂര്യക്കും ധവാനും പിന്നിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :