ടി20യിലെ ഇന്ത്യക്കാരൻ്റെ ഏറ്റവും ഉയർന്ന സ്കോർ: റെക്കോർഡ് നേട്ടം നഷ്ടമായത് ഒരു റണ്ണിന്

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 11 ജൂലൈ 2022 (11:10 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ 17 റൺസിൻ്റെ തോൽവി വഴങ്ങിയെങ്കിലും അവിസ്മരണീയമായ പോരാട്ടത്തിനൊടുവിലാണ് മത്സരത്തിൽ ഇന്ത്യ തോൽവി സമ്മതിച്ചത്. തുടരെ വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന സൂര്യകുമാർ യാദവിൻ്റെ സെഞ്ചുറി പ്രകടനമായിരുന്നു മത്സരത്തിൽ അവസാന ഓവർ വരെ ഇന്ത്യൻ വിജയപ്രതീക്ഷകളെ സജീവമാക്കി നിലനിർത്തിയത്.

മത്സരത്തിൽ 212.72 സ്ട്രൈക്ക്റേറ്റിൽ 55 പന്തിൽ നിന്നും 14 ഫോറിൻ്റെയും 6 സിക്സറിൻ്റെയും അകമ്പടിയോടെ 117 റൺസാണ് സൂര്യകുമാർ സ്വന്തമാക്കിയത്. ടി20യിൽ ഇന്ത്യൻ താരത്തിൻ്റെ രണ്ടാമത്തെ ഉയർന്ന വ്യക്തിഗത സ്കോറാണ് സൂര്യ കുറിച്ചത്. 118 റൺസുള്ള രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.


അതേസമയം അന്താരാഷ്ട്ര ടി20യിൽ 10ൽ കൂടുതൽ ഇന്നിങ്ങ്സ് കളിച്ചവരിൽ 150ന് മുകളിൽ സ്ട്രൈക്ക്റേറ്റുള്ള ഏക താരമായി സൂര്യ മാറി. 170ന് മുകളിലാണ് സൂര്യയുടെ സ്ട്രൈക്ക്റേറ്റ്. കൂടാതെ നാലാം നമ്പറിലിറങ്ങി ഇന്ത്യക്കായി ടി20യിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും സൂര്യ സ്വന്തമാക്കി. ഇന്ത്യയ്ക്കായി ടി20യിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് സൂര്യ. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവരാണ് സൂര്യയ്ക്ക് മുൻപ് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :