ഇത് സഞ്ജു അർഹിക്കുന്നു, ലോകകപ്പ് ടീമിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി ഗവാസ്കർ

അഭിറാം മനോഹർ| Last Updated: ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (19:01 IST)
കഴിഞ്ഞ ദിവസമാണ് ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. കാര്യമായ യാതൊരു സര്‍പ്രൈസുകളുമില്ലാതെ എല്ലാവരും പ്രതീക്ഷിച്ച നിരയെ തന്നെയാണ് പ്രഖ്യാപിച്ചത്. ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും മലയാളി താരം സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ ഏകദിനത്തില്‍ മോശം ഫോം തുടര്‍ന്നിട്ടും സൂര്യകുമാര്‍ യാദവ് ലോകകപ്പ് ടീമില്‍ ഇടം നേടി. ഇപ്പോഴിതാ സഞ്ജു ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസനായകനായ സുനില്‍ ഗവാസ്‌കര്‍.

ഇന്ത്യയ്ക്ക് തിരെഞ്ഞെടുക്കാന്‍ സാധിക്കുന്നതില്‍ ഏറ്റവും മികച്ച ടീമാണിതെന്ന് ഗവാസ്‌കര്‍ പറയുന്നു. ബാറ്റിംഗ് കരുത്തും ബൗളിംഗ് കരുത്തും ഈ ടീമിനുണ്ട്. മികച്ച സ്പിന്നര്‍മാരാണ് ടീമിലുള്ളത്. കപ്പെടുക്കാനുള്ള എല്ലാ സാധ്യതകളും ഇന്ത്യയ്ക്ക് മുന്നിലുണ്ട് ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം സഞ്ജു സാംസണിനെ പുറത്താക്കിയ തീരുമാനത്തോട് ഗവാസ്‌കറിന്റെ പ്രതികരണം ഇങ്ങനെ. സഞ്ജു തല താഴ്ത്തി റണ്‍സ് നേടാനാണ് ശ്രമിക്കേണ്ടത് ഗവാസ്‌കര്‍ പറഞ്ഞു. സഞ്ജു അഹങ്കാരിയാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഗവാസ്‌കറുടെ പ്രതികരണം.

സഞ്ജുവിന്റെ മികവിനെ പല തവണ പ്രശംസിച്ച താരമാണ് ഗവാസ്‌കറെങ്കിലും ഗവാസ്‌കര്‍ നല്‍കിയ ഉപദേശങ്ങളൊന്നും സ്വീകരിക്കാന്‍ സഞ്ജു തയ്യാറായിരുന്നില്ല. മത്സരത്തില്‍ ആദ്യ പന്തുകള്‍ പിടിച്ചുനിന്ന ശേഷം മാത്രം ആക്രമണത്തീലേക്ക് തിരിയണമെന്ന ഗവാസ്‌കറുടെ ഉപദേശം സഞ്ജു ഒരിക്കലും ചെവികൊണ്ടിട്ടില്ല. ഇതിന്റെ പേരില്‍ സഞ്ജുവിനെ പലപ്പോഴും ഗവാസ്‌കര്‍ വിമര്‍ശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗവാസ്‌കറുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :