രേണുക വേണു|
Last Modified ശനി, 18 ജൂണ്‍ 2022 (08:56 IST)
റിഷഭ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ അലസമായി വിക്കറ്റ് വലിച്ചെറിഞ്ഞ പന്തിന്റെ രീതിയാണ് വിമര്‍ശനത്തിനു കാരണം. ഓഫ് സൈഡില്‍ വൈഡ് ലൈനിന് പുറത്തേക്ക് പോകുകയായിരുന്ന പന്ത് കളിക്കാന്‍ ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു പന്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മുന്‍ മത്സരങ്ങളിലും സമാന രീതിയിലാണ് പന്തിന് വിക്കറ്റ് നഷ്ടമായത്. മുന്‍ അനുഭവങ്ങളില്‍ നിന്ന് പന്ത് പാഠം പഠിക്കുന്നില്ലെന്ന് കമന്ററി ബോക്‌സില്‍ നിന്ന് ഗവാസ്‌കര്‍ വിമര്‍ശിച്ചു.
' അവന്‍ ഒന്നും പഠിച്ചിട്ടില്ല. മുന്‍പത്തെ മൂന്ന് പുറത്താകലുകളില്‍ നിന്ന് അവന്‍ പാഠം ഉള്‍ക്കൊണ്ടിട്ടില്ല. അവര്‍ വൈഡ് ബോളുകള്‍ എറിയുന്നു, പന്ത് അത് തേടിപിടിച്ച് അടിക്കാന്‍ ശ്രമിക്കുന്നു. ഓഫ് സ്റ്റംപിന് പുറത്ത് ഇത്രയും ദൂരെ പോയി കളിക്കുന്ന ശീലം അദ്ദേഹം നിര്‍ത്തണം. ഓഫ് സ്റ്റംപിന് പുറത്ത് വൈഡായി പന്തെറിഞ്ഞാല്‍ അവന്റെ വിക്കറ്റ് കിട്ടുമെന്ന് ദക്ഷിണാഫ്രിക്കന്‍ നായകനും ബൗളര്‍മാരും പദ്ധതിയിടുന്നു. അവന്‍ ആ കെണിയില്‍ പോയി വീഴുന്നു,' ഗവാസ്‌കര്‍ പറഞ്ഞു.