രേണുക വേണു|
Last Modified ശനി, 18 ജൂണ്‍ 2022 (08:36 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി 20 യില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായ ദിനേശ് കാര്‍ത്തിക്കിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം. യുവതാരങ്ങള്‍ അടക്കം നിറംമങ്ങിയ മത്സരത്തില്‍ 37 കാരനായ കാര്‍ത്തിക് വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 27 പന്തില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സും സഹിതം 55 റണ്‍സാണ് കാര്‍ത്തിക് അടിച്ചുകൂട്ടിയത്. കാര്‍ത്തിക്കിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റ രംഗത്തെത്തി. ഒരു മുതിര്‍ന്ന താരത്തിന് ഇതുപോലൊരു തിരിച്ചുവരവ് അത്ര എളുപ്പമല്ലെന്ന് നെഹ്‌റ പറഞ്ഞു.
' ഒരു സീനിയര്‍ താരത്തില്‍ നിന്ന് ഇത്തരമൊരു തിരിച്ചുവരവ് അത്ര എളുപ്പമല്ല. പരമ്പരയില്‍ മികച്ച തുടക്കമാണ് അദ്ദേഹം കാഴ്ചവെച്ചത്. എങ്കിലും വലിയൊരു ഇന്നിങ്‌സിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുകയും അര്‍ധ സെഞ്ചുറി നേടുകയും ചെയ്തത് വളരെ സന്തോഷകരമായ കാര്യമാണ്. വളരെ പരിചയ സമ്പത്തുള്ള താരത്തില്‍ നിന്ന് നമ്മള്‍ ഇങ്ങനെയൊരു ഇന്നിങ്‌സ് പ്രതീക്ഷിക്കുന്നു. ഒരു ഫിനിഷറുടെ റോളിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എന്നാല്‍ ആവശ്യമുള്ള സമയത്ത് കപ്പലിന്റെ നാവികനാകാനും അദ്ദേഹത്തിനു സാധിക്കുന്നു. കാര്‍ത്തിക്കിന്റെ പ്രകടനം ടീം മാനേജ്‌മെന്റിനെ വളരെ സന്തോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യും,' നെഹ്‌റ പറഞ്ഞു.