Pat Cummins: ഇനി ആലോചിക്കാന്‍ സമയമില്ല, കമ്മിന്‍സിനെ മാറ്റി സ്മിത്തിനെ നായകനാക്കൂ; ഓസ്‌ട്രേലിയയ്ക്ക് ഉപദേശവുമായി ആരാധകര്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബൗളിങ്ങില്‍ കാര്യമായി തിളങ്ങാന്‍ കമ്മിന്‍സിന് സാധിച്ചില്ല

രേണുക വേണു| Last Updated: വെള്ളി, 13 ഒക്‌ടോബര്‍ 2023 (11:42 IST)

Pat Cummins: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ വഴങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഉപദേശവുമായി ആരാധകര്‍. സെമിയില്‍ എത്തണമെങ്കില്‍ ടീമില്‍ ഉടന്‍ അഴിച്ചുപണി വേണമെന്നാണ് ആരാധകരുടെ അഭിപ്രായം. പാറ്റ് കമ്മിന്‍സിനെ നായകസ്ഥാനത്തു നിന്ന് മാറ്റി സ്റ്റീവ് സ്മിത്തിന് ക്യാപ്റ്റന്‍സി നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് ആരാധകര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഓസ്‌ട്രേലിയന്‍ ആരാധകര്‍ പോലും ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബൗളിങ്ങില്‍ കാര്യമായി തിളങ്ങാന്‍ കമ്മിന്‍സിന് സാധിച്ചില്ല. ഇന്ത്യക്കെതിരായ മത്സരത്തിലും ബൗളിങ്ങില്‍ കമ്മിന്‍സ് നിരാശപ്പെടുത്തി. കമ്മിന്‍സിന് നായകനെന്ന നിലയില്‍ ടീമില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പോലും മികച്ച രീതിയില്‍ ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ള സ്റ്റീവ് സ്മിത്തിന് ക്യാപ്റ്റന്‍സി നല്‍കിയാല്‍ അത് ഗുണം ചെയ്യുമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇപ്പോള്‍ ഓസ്‌ട്രേലിയ. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഓസീസിനു താഴെയുള്ളത്. ഒരു കളി പോലും ജയിക്കാത്ത ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സും പോലും ഓസീസിനേക്കാള്‍ മുന്‍പിലാണ്. നെറ്റ് റണ്‍റേറ്റാണ് ഓസ്‌ട്രേലിയയ്ക്ക് എട്ടിന്റെ പണി കൊടുത്തത്. -1.846 ആണ് ഓസീസിന്റെ നെറ്റ് റണ്‍റേറ്റ്. ശ്രീലങ്കയ്ക്കും നെതര്‍ലന്‍ഡ്‌സിനും ഓസീസിനേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഉണ്ട്. ഏഴ് കളികളാണ് ഓസീസിന് ഇനി ശേഷിക്കുന്നത്. ഏഴും ജയിക്കണം എന്ന ലക്ഷ്യത്തോടെ കളിച്ചാല്‍ മാത്രമേ കങ്കാരുക്കള്‍ക്ക് ആദ്യ നാലില്‍ എത്താന്‍ സാധിക്കൂ. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍ എന്നിവര്‍ക്കെതിരെയുള്ള കളികള്‍ ഓസ്‌ട്രേലിയയ്ക്ക് ജീവന്‍ മരണ പോരാട്ടങ്ങള്‍ ആയിരിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :