പേസിന് മുന്നിൽ മുട്ടിടിയ്ക്കുന്നു, ഓസ്ട്രേലിയൻ ലോകകപ്പിൽ ഇന്ത്യയുടെ ദുർബലമായ കണ്ണിയാവുക ശ്രേയസ് അയ്യർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (21:56 IST)
ഇന്ത്യൻ ടീമിലെ മികച്ച പ്രകടനങ്ങൾ കൊണ്ട് ടീമിൽ സ്ഥിരസാന്നിധ്യമായ താരമാണ് ശ്രേയസ് അയ്യർ. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടി20 പരമ്പരയിൽ തിളങ്ങാനായില്ലെങ്കിലും ഓസീസിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ താരം ടീമിൽ കളിക്കുമെന്ന് ഏകദേശം ഉറപ്പാണ്. എന്നാൽ സ്പിന്നിനെതിരെ മികച്ച രീതിയിൽ കളിക്കുന്ന താരം പേസർമാർക്കെതിരെ പതറുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ ഫ്ലാറ്റ് വിക്കറ്റുകളിൽ മാത്രം തിളങ്ങുന്ന ബാറ്റ്സ്മാൻ എന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന പ്രകടനമാണ് താരം ദക്ഷിണാഫ്രിക്കക്കെതിരെ നടത്തിയത്. പേസർമാരെ അളവിൽ കൂടുതൽ ബഹുമാനിക്കുന്ന താരം സ്പിന്നർമാർക്കെതിരെ മാത്രമാണ് അക്രമണം നടത്തിയത്. ഓസീസിലെ പേസിനെ തുണയ്ക്കുന്ന പിച്ചുകളിൽ ഈ സമീപനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2020ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിനിടെ താരത്തിനെ ഷോർട്ട് ബോളുകൾക്കെതിരായ ദൗർബല്യം പുറത്തുവന്നിരുന്നു. അന്ന് അഞ്ച് മത്സരങ്ങളിൽ 0,12,2,38,19 എന്നിങ്ങനെയായിരുന്നു താരത്തിൻ്റെ സ്കോറുകൾ. അതിന് ശേഷം ഐപിഎല്ലിലും ഇപ്പോൾ അവസാനിച്ച ദക്ഷിണാഫ്രിക്കൻ സീരീസിലും പേസിനെതിരെ ശ്രേയസ് ബുദ്ധിമുട്ടി. റിഷഭ് പന്തിൻ്റെ ബാറ്റിങ്ങ് ഫോം കൂടി ചോദ്യചിഹ്നമായി നിൽക്കെ ഓസീസ് പിച്ചുകളിൽ ശ്രേയസ് കൂടി ടീമിൽ തുടരുന്നത് ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധർ കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :