അഭിറാം മനോഹർ|
Last Modified ബുധന്‍, 5 ഏപ്രില്‍ 2023 (18:17 IST)
ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളാണ്
ഹർഭജൻ സിംഗ്. ശ്രീശാന്താകട്ടെ മലയാളികളുടെ അഭിമാനമായിരുന്ന ക്രിക്കറ്റ് താരവും. രണ്ട് താരങ്ങളും കളിക്കളത്തിൽ എതിരാളികളോട് കോർക്കുന്നതിൽ പ്രശസ്തരുമായിരുന്നു. ഇന്ത്യൻ ടീമിൽ ഒരുമിച്ചാണ് കളിച്ചിരുന്നതെങ്കിലും ഐപിഎല്ലിൽ ഇരു താരങ്ങളും തമ്മിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. മുംബൈ ഇന്ത്യൻസ്- പഞ്ചാബ് കിംഗ്സ് മത്സരത്തിനിടെ പഞ്ചാബ് താരം ശ്രീശാന്തിനെ ഹർഭജൻ തല്ലുകയും ശ്രീശാന്ത് കരഞ്ഞുകൊണ്ട് മൈതാനം വിടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും രണ്ടുപേരും ഒരുമിച്ച് 2011ലെ ഏകദിന ലോകകപ്പിൽ കളിക്കുകയും ചെയ്തിരുന്നു.
നിലവിൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ 2011ലെ ലോകകപ്പ് കിരീടനേട്ടത്തിൻ്റെ 12മത് വാർഷികത്തിൽ ഹർഭജൻ സിംഗ്,ശ്രീശാന്ത്,യൂസഫ് പത്താൻ,വിരേന്ദർ സെവാഗ് എന്നിവർ സ്റ്റാർ സ്പോർട്സ് അവതരിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ ശ്രീശാന്ത് ഹർഭജനുമായുള്ള സൗഹൃദത്തെ പറ്റി വാചാലനായി. ഇതിനിടയിൽ ശ്രീശാന്തിനെ ഹർഭജൻ തല്ലിയ സംഭവം ഓർമിപ്പിച്ചിരിക്കുകയാണ് സെവാഗ്. സെവാഗിൻ്റെ പെട്ടെന്നുള്ള പരാമർശത്തിൽ ഹർഭജനും ശ്രീശാന്തും ഞെട്ടിപോകുകയും ചെയ്തു.
അതെല്ലാം മറന്നുകളയണമെന്നും ശ്രീശാന്തുമായി നിലവിൽ യാതൊരു പ്രശ്നമില്ലെന്നും ഹർഭജൻ വ്യക്തമാക്കി. ഇക്കഴിഞ്ഞ ലെജൻ്സ് ലീഗിൽ ഹർഭജനും ശ്രീശാന്തും ഒരുമിച്ച് കളിച്ചിരുന്നു. കഴിഞ്ഞ ദിവസം പരിക്കേറ്റ റിഷഭ് പന്തിനെ കാണാൻ ഹർഭജനൊപ്പം ശ്രീശാന്തും ഉണ്ടായിരുന്നു. ഇതിൻ്റെ ചിത്രങ്ങളും വൈറലായിരുന്നു.