ആ മൂന്ന് ടീമുകളിൽ ഒന്നിൽ കളിക്കണം, മടങ്ങിവരവിൽ ആഗ്രഹം വ്യക്തമാക്കി ശ്രീശാന്ത്

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (13:57 IST)
2022 മെഗാ താരലേലത്തിനുള്ള താരങ്ങളുടെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത്. കഴിഞ്ഞ വര്‍ഷവും ലേലത്തിനായി പേരു റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നെങ്കിലും പട്ടിക ചുരുക്കിയപ്പോൾ ശ്രീശാന്ത് പുറത്തായിരുന്നു.

ഐപിഎൽ താരലേലത്തിനുള്ള പട്ടികയിൽ ഇടം നേടിയതിന് പിന്നാലെ ഐപിഎല്ലില്‍ തിരിച്ചെത്താന്‍ സാധിക്കുകയാണെങ്കില്‍ ഏത് ടീമില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ വർഷത്തിൽ ശ്രീശാന്ത് വ്യക്തമാക്കിയ അഭിമുഖമാണ് വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുന്നത്.

അന്ന് മൂന്ന് ടീമുകളെയാണ് ശ്രീശാന്ത് എടുത്തുപറഞ്ഞത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് എന്നിവയാണ് ശ്രീശാന്തിന്‍റെ സ്വപ്‌നടീമുകള്‍. ക്രിക്കറ്റ് ആരാധകനെന്ന നിലയിൽ മുംബൈയിൽ കളിക്കാനാണ് ആഗ്രഹം. മുംബൈയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ സച്ചിന്‍ ഉള്ളതിനാല്‍ മുംബൈക്കായി കളിക്കാന്‍ സാധിച്ചാല്‍ സച്ചിനൊപ്പം വീണ്ടും ഡ്രസ്സിംഗ് റൂം പങ്കിടാനും കൂടുതല്‍ പഠിക്കാനും സാധിക്കും.എംഎസ് ധോണിയുടെ കീഴില്‍ ചെന്നൈക്ക് വേണ്ടിയും വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂരിന് വേണ്ടിയും കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് അന്ന് പറഞ്ഞിരുന്നു.

ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 12,13 തിയതികളിലായി ബംഗളൂരുവിലാണ് നടക്കുക. ലേലത്തിനുള്ള അന്തിമ പട്ടികയില്‍ 590 താരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. 50 ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ അടിസ്ഥാനവില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :