Shubman Gill : രണ്ടാം ടെസ്റ്റിലും പരാജയമായാൽ രഞ്ജി കളിക്കാൻ ഗില്ലിനോട് ആവശ്യപ്പെട്ടിരുന്നു, സെഞ്ചുറി പ്രകടനം വന്നതിങ്ങനെ

Gill and shreyas Iyer
Gill and shreyas Iyer
അഭിറാം മനോഹർ|
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവതാരമായ ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ അവിസ്മരണീയമായ ഫോമിലായിരുന്നെങ്കിലും ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്താന്‍ ഗില്ലിനായിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാം നമ്പറില്‍ ഒരു അര്‍ധസെഞ്ചുറി പോലുമില്ലാതെയായിരുന്നു 12 ഇന്നിങ്ങ്‌സുകളോളം ഗില്‍ കളിച്ചത്. ഇതിനെ തുടര്‍ന്ന് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗില്ലിനെ ടീമിലെടുത്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ തിളങ്ങാന്‍ താരത്തിനായിരുന്നില്ല. എന്നാല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ സെഞ്ചുറിയുമായി ഗില്‍ മറുപടി നല്‍കി. അതേസമയം രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോം തെളിയിച്ചില്ലെങ്കില്‍ കോലി തിരിച്ചെത്തുന്നതോടെ ഗില്ലിന്റെ ടെസ്റ്റ് ടീം സ്ഥാനം നഷ്ടമാകുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പരാജയമായാല്‍ രഞ്ജി കളിച്ച് തിരിച്ചുവരാനാണ് താരത്തിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതും മികച്ച ഇന്നിങ്ങ്‌സ് കളിക്കാന്‍ ഗില്ലിനെ നിര്‍ബന്ധിതനാക്കി.

നേരത്തെ ഓപ്പണറായാണ് ഗില്‍ തന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. ഏകദിനത്തില്‍ ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനങ്ങളാണ് താരം നടത്തിയിട്ടുള്ളതെങ്കിലും ടെസ്റ്റില്‍ ഇപ്പോഴും ശരാശരിക്ക് മുകളില്‍ പ്രകടനം നടത്താന്‍ ഗില്ലിനായിട്ടില്ല. ടെസ്റ്റില്‍ ഓപ്പണര്‍ സ്ഥാനം ഉപേക്ഷിച്ച് മൂന്നാം നമ്പറിലേക്ക് ഇറങ്ങിയ ശേഷം അര്‍ധസെഞ്ചുറി പോലും കണ്ടെത്താന്‍ കഴിഞ്ഞ 11 ഇന്നിങ്ങ്‌സുകളില്‍ താരത്തിനായിരുന്നില്ല. ഇതോടെയാണ് ഗില്ലിന്റെ ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്ത് വിമര്‍ശനങ്ങള്‍ ശക്തമായത്. ഇംഗ്ലണ്ടിനെതിരായ സെഞ്ചുറിയോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ പത്താമത്തെ സെഞ്ചുറിയാണ് ഗില്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്. ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും ഏകദിനത്തില്‍ 6 സെഞ്ചുറിയും ടി20യില്‍ ഒരു സെഞ്ചുറിയുമാണ് താരത്തിനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :