ശ്രേയസ് അയ്യർക്ക് സീസൺ നഷ്ടമായേക്കും, ഐപിഎൽ അടുത്തിരിക്കെ കൊൽക്കത്തയ്ക്ക് എട്ടിൻ്റെ പണി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 മാര്‍ച്ച് 2023 (19:24 IST)
അഹമ്മദാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് സീസൺ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. നേരത്തെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ശ്രേയസിന് നഷ്ടമാകുമെന്ന് വാർത്തകളുണ്ടായിരുന്നു. പുറം വേദനയെ തുടർന്ന് നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിങ്ങ്സിൽ ശ്രേയസ് ബാറ്റ് ചെയ്തിരുന്നില്ല. താരത്തിന് ആഴ്ചകളോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

ഏപ്രിൽ ഒന്നിന് മൊഹാലിയിൽ പഞ്ചാബ് കിംഗ്സിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം. പരിക്കിനെ തുടർന്ന് താരത്തിന് നേരത്തെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര നഷ്ടമായിരുന്നു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും ശ്രേയസ് ടീമിനൊപ്പമുണ്ടായിരുന്നില്ല. അഹമ്മദാബാദ് ടെസ്റ്റിൻ്റെ മൂന്നാം ദിനമാണ് പുറം വേദനയെ പറ്റി ശ്രേയസ് ടീം മാനേജ്മെൻ്റിനെ അറിയിച്ചത്. പൂർണ ഫിറ്റ്നസ് വീണ്ടെടുക്കും മുൻപ് തന്നെ ശ്രേയസിനെ ടീം കളിപ്പിച്ചോ എന്ന സംശയം ഇതോടെ ശക്തമായി.

ജസ്പ്രീത് ബുമ്ര എൻസിഎയിൽ ദീർഘകാലമായി ഉണ്ടെങ്കിലും പരിക്കിൽ നിന്നും മോചിതനാകാൻ ഏറെ കാലമെടുക്കുമെന്ന് പിന്നീട് വ്യക്തമായിരുന്നു. പൂർണമായി ഫിറ്റ്നസില്ലാതെ താരത്തെ കളിപ്പിച്ചതാണ് ഇതിന് കാരണമായി പറയുന്നത്. സമാനമായ സാഹചര്യത്തിലൂടെയാണ് അയ്യരും കടന്നു പോകുന്നത്. മാർച്ച് 17ന് മുംബൈയിലാണ് ഓസീസിനെതിരായ 3 ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :