രേണുക വേണു|
Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (16:32 IST)
Shreyas Iyer: വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിരമിക്കലോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്ഥിരം സാന്നിധ്യമാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ ശ്രേയസിന്റെ പുതിയ തീരുമാനം ഇന്ത്യന്‍ ആരാധകരെ മുഴുവന്‍ നിരാശപ്പെടുത്തുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള വേണമെന്നാണ് ശ്രേയസ് അയ്യര്‍ ടീം മാനേജ്‌മെന്റിനോടു ആവശ്യപ്പെട്ടിരിക്കുന്നത്.
ഓസ്‌ട്രേലിയ എയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റ് മത്സരത്തിനു ഏതാനും മണിക്കൂറുകള്‍ മുന്‍പ് ശ്രേയസ് ഇന്ത്യ എ നായകസ്ഥാനം ഒഴിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ലഖ്‌നൗവിലെ ഇന്ത്യന്‍ ക്യാംപ് വിട്ട് താരം മുംബൈയിലേക്ക് തിരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ മാറിനില്‍ക്കാനുള്ള ശ്രേയസിന്റെ തീരുമാനം.
ഓസ്‌ട്രേലിയ എ ടീമിനെതിരായ ഒന്നാം ചതുര്‍ദിന ടെസ്റ്റിനു പിന്നാലെ തനിക്കു റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇടവേള ആവശ്യമാണെന്ന് ശ്രേയസ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറെ അറിയിച്ചിരുന്നതായാണ് ക്രിക്ബസ് റിപ്പോര്‍ട്ട്. ഫിറ്റ്‌നെസ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രേയസ് തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിസിഐ ഫിസിയോ വിഭാഗം, ഇന്ത്യ എ പരിശീലകന്‍ ഹൃഷികേശ് കനിത്കര്‍ എന്നിവരെ നേരിട്ടും ബിസിസിഐയെ ഈ-മെയില്‍ മുഖേനയും ഇക്കാര്യങ്ങള്‍ അറിയിച്ച ശേഷമാണ് ശ്രേയസ് ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചത്.
റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ശ്രേയസ് ഇടവേളയെടുക്കുന്നതിനാല്‍ വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തില്ല.