Shreyas Iyer: ഏഷ്യാകപ്പിൽ നിന്നും തഴഞ്ഞെങ്കിലും ശ്രേയസിനെ കൈവിടാതെ ബിസിസിഐ, ഏകദിനത്തിൽ കാത്തിരിക്കുന്നത് പ്രധാനസ്ഥാനം

Shreyas Iyer
Shreyas Iyer
അഭിറാം മനോഹർ| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2025 (14:56 IST)
ഏഷ്യാകപ്പിനുള്ള ടി20 ടീമില്‍ ഇടം പിടിക്കാനായില്ലെങ്കിലും ശ്രേയസ് അയ്യരെ കാത്തിരിക്കുന്നത് പുതിയ ചുമതലയെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നായകനെന്ന നിലയില്‍ മികവ് തെളിയിച്ച ശ്രേയസിനെ ഇന്ത്യന്‍ ഏകദിന ടീം നായകനായി പരിഗണിക്കുന്നതായാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ടി20യില്‍ ശുഭ്മാന്‍ ഗില്ലിനെ നായകനാക്കാനും ഏകദിനത്തില്‍ ശ്രേയസ് അയ്യരെ നായകനാക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലുമായി 2 നായകന്മാര്‍ മതിയെന്ന തീരുമാനത്തിലാണ് ബിസിസിഐ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത ടി20 ലോകകപ്പില്‍ ശുഭ്മാന്‍ ഗില്ലാകുമോ ഇന്ത്യയെ നയിക്കുക എന്നതില്‍ വ്യക്തതയില്ല. ഏഷ്യാകപ്പ് കഴിഞ്ഞ ശേഷമാകും ടി20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ് നായകനായി തുടരണമോ എന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കുക. രോഹിത് ശര്‍മയ്ക്ക് ഒക്ടോബറില്‍ വരാനിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും നിര്‍ണായകമാകും. പരമ്പരയില്‍ മികവ് തെളിയിക്കാനായില്ലെങ്കില്‍ രോഹിത്തിന് മുകളില്‍ വിരമിക്കല്‍ സമ്മര്‍ദ്ദമേറും. എങ്കിലും ശ്രേയസിനെ നായകനാക്കുന്നതില്‍ രോഹിത്തിന്റെ തീരുമാനം നിര്‍ണായകമാകും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :