ശിഖര്‍ ധവാനോട് വിരമിക്കാന്‍ ആവശ്യപ്പെട്ടേക്കും; പുതിയ ഓപ്പണര്‍മാരായി മൂന്ന് പേര്‍ പരിഗണനയില്‍

37 കാരനായ ധവാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 22 ഇന്നിങ്‌സുകളില്‍ നിന്നായി 688 റണ്‍സാണ് നേടിയിരിക്കുന്നത്

രേണുക വേണു| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (11:24 IST)

ഇന്ത്യന്‍ ഏകദിന ഓപ്പണര്‍ സ്ഥാനത്തുനിന്ന് ശിഖര്‍ ധവാന്‍ പുറത്തേക്ക്. മോശം ഫോമിലുള്ള ധവാനോട് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടേക്കും. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് വെറും 18 റണ്‍സാണ് ധവാന്‍ നേടിയത്. 51.42 ആണ് സ്‌ട്രൈക്ക് റേറ്റ്.

സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കണമെന്നാണ് ധവാനോട് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി ഏകദിനത്തിലേക്ക് ധവാനെ പരിഗണിക്കില്ലെന്ന സൂചനയാണ് ബിസിസിഐ നല്‍കുന്നത്. ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനാണ് ലക്ഷ്യമിടുന്നത്.

37 കാരനായ ധവാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 22 ഇന്നിങ്‌സുകളില്‍ നിന്നായി 688 റണ്‍സാണ് നേടിയിരിക്കുന്നത്. ശരാശരി 34.40 ആണ്, സ്‌ട്രൈക്ക് റേറ്റ് 74.21 ! യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ ധവാന്റെ ഈ കണക്കുകള്‍ ബിസിസിഐയെ തൃപ്തിപ്പെടുത്തുന്നില്ല. കഴിഞ്ഞ 11 ഇന്നിങ്‌സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് ധവാന്‍ നേടിയിരിക്കുന്നത്.

ധവാന് പകരം മൂന്ന് യുവതാരങ്ങളെയാണ് ഏകദിന ഓപ്പണറായി ബിസിസിഐ പരിഗണിക്കുന്നത്. ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, പൃഥ്വി ഷാ എന്നിവരെയാണ് ബിസിസിഐ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :