ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് ടിക്കറ്റ് കിട്ടാനില്ല, അഡലെയ്ഡിലേയ്ക്കുള്ള വിമാനനിരക്ക് അഞ്ചിരട്ടിയായി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (16:17 IST)
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങൾ പൂർത്തിയായി സെമി ലൈനപ്പ് ചിത്രം തെളിഞ്ഞതോടെ ഇന്ത്യ- ഇംഗ്ലണ്ട് സെമി ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വ്യാഴാഴ്ച അഡലെയ്ഡിൽ നടക്കുന്ന രണ്ടാം സെമിയിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്. ആദ്യ സെമിയിൽ പാകിസ്ഥാനും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും.

ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനുള്ള ടിക്കറ്റുകൾ കണ്ണടച്ചുതുറക്കും മുൻപാണ് വിറ്റുതീർന്നത്. ലൈനപ്പ് വ്യക്തമായതോടെ ഓസീസിൻ്റെ
വിവിധ നഗരങ്ങളിൽ നിന്നും അഡലെയ്ഡിലേയ്ക്കുള്ള വിമാന യാത്രാ നിരക്ക് അഞ്ചിരട്ടിയായി വർധിച്ചു. സൂപ്പർ 12ൽ മത്സരിച്ച എല്ലാ മത്സരങ്ങളിലും വലിയ ആരാധകപിന്തുണയാണ് ടീമിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ അഡലെയ്ഡിലേയ്ക്കുള്ള യാത്രാനിരക്ക് ഉയർത്തി ലാഭം കൊയ്യാനാണ് വിമാനക്കമ്പനികൾ ശ്രമിക്കുന്നത്.

സൂപ്പർ 12ൽ ഇന്നലെ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലെത്തുന്നത്. നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് ലോകകപ്പിൽ പാകിസ്ഥാൻ്റെ സെമി സാധ്യതകൾ തെളിഞ്ഞത്. ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റ് തുടങ്ങിയ പാകിസ്ഥാൻ അപ്രതീക്ഷിതമായാണ് സെമിയിലെത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :