രേണുക വേണു|
Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (20:22 IST)
മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. ഷമിക്കെതിരായ ആള്‍ക്കൂട്ട ആക്രമണം നിര്‍ത്തണമെന്ന് സെവാഗ് പറഞ്ഞു. ഷമിക്കെതിരായ സൈബര്‍ ആക്രമണം ഞെട്ടിക്കുന്നതാണെന്നും ഷമിക്കൊപ്പമാണ് താന്‍ ഉള്ളതെന്നും സെവാഗ് വ്യക്തമാക്കി. 'ഷമി ഒരു ചാംപ്യനാണ്. ഇന്ത്യയുടെ തൊപ്പി ധരിക്കുന്നവരുടെ ഹൃദയത്തിലാണ് എപ്പോഴും ഇന്ത്യ. ഓണ്‍ലൈന്‍ ആള്‍ക്കൂട്ടങ്ങളേക്കാള്‍ മുകളിലാണ് അത്. ഞാന്‍ നിനക്കൊപ്പമുണ്ട് ഷമി..,' സെവാഗ് പറഞ്ഞു.
ടി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. സംഘപരിവാര്‍, ബിജെപി അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് ഷമിയുടെ കുടുംബത്തെ പോലും അവഹേളിക്കുന്ന തരത്തില്‍ കമന്റുകള്‍ വന്നിരിക്കുന്നത്.
ഷമി പാക്കിസ്ഥാന്‍ ചാരനാണെന്നും പണം വാങ്ങി ഒറ്റിക്കൊടുത്തു എന്നുമെല്ലാം ചില കമന്റുകളില്‍ പറയുന്നു. ഇന്ത്യന്‍ ടീമിലെ പാക്കിസ്ഥാനിയാണ് ഷമിയെന്നും പരിഹാസമുണ്ട്. മലയാളികളും ഷമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ മോശം കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെ ഏക മുസ്ലിം മതവിശ്വാസിയാണ് മുഹമ്മദ് ഷമി. ഇതാണ് ഇപ്പോഴത്തെ സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണം.