Sanju Samson : 3 സിക്സ്, ഒരു ഫോർ, പതർച്ചയില്ലാതെ ആത്മവിശ്വാസമുള്ള ഷോട്ടുകൾ, ചെറുതെങ്കിലും ലോകകപ്പ് അരങ്ങേറ്റം ഭംഗിയാക്കി സഞ്ജു
8 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് ടീമിന്റെ റണ്‍റേറ്റ് ഉയര്‍ത്തിയാണ് സഞ്ജു മടങ്ങിയത്.
ഇന്ത്യന്‍ ടി20 ടീമില്‍ 50ല്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണെങ്കിലും ക്രിക്കറ്റ് ആരാധകരെല്ലാം കാത്തിരുന്ന ഒന്നായിരുന്നു സഞ്ജു സാംസണിന്റെ ലോകകപ്പ് അരങ്ങേറ്റം. 2024ല്‍ ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അന്ന് സഞ്ജുവിനായിരുന്നില്ല. ഇക്കുറി ലോകകപ്പിന് മുന്‍പായി നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഒരു പരിധി വരെ അവസാനമായതാണ്. എന്നാല്‍ യുഎസ്എക്കെതിരായ മത്സരത്തിന് പിന്നാലെ അസുഖബാധിതനായി അഭിഷേക് ശര്‍മ പുറത്തുപോയതോടെയാണ് നമീബിയക്കെതിരെ സഞ്ജുവിന് അവസരം ലഭിച്ചത്.
നീണ്ട ഇന്നിങ്ങ്‌സ് കളിക്കാനായില്ലെങ്കിലും ചുരുങ്ങിയ നേരം ക്രീസില്‍ ചിലവിട്ട സഞ്ജു തന്റെ സംഹാരശേഷിയുടെ മിന്നലാട്ടങ്ങള്‍ മൈതാനത്ത് കാണിച്ചതിന് ശേഷമാണ് മടങ്ങിയത്. 8 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് ടീമിന്റെ റണ്‍റേറ്റ് ഉയര്‍ത്തിയാണ് സഞ്ജു മടങ്ങിയത്. ആദ്യം നേരിട്ട 3 പന്തിലും റണ്‍സെടുക്കാനായില്ലെങ്കിലും ആദ്യ ഓവറിലെ അവസാന പന്തില്‍ സിക്‌സ് നേടി സഞ്ജു വരവറിയിച്ചു. രണ്ടാം ഓവറില്‍ തുടര്‍ച്ചയായി 2 സിക്‌സും ഒരു ബൗണ്ടറിയും താരം കണ്ടെത്തിയതോടെ ആരാധകരും ആവേശത്തിലായി. എന്നാല്‍ ഷിക്കോംഗോയുടെ സ്ലോ ബോളില്‍ സഞ്ജുവിന് പിഴച്ചു. ഡീപ് മിഡ് വിക്കറ്റ് ഫീല്‍ഡറുടെ കൈയ്യില്‍ ഇന്നിങ്ങ്‌സ് അവസാനിക്കുമ്പോള്‍ 8 പന്തില്‍ 22 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.