അഭിറാം മനോഹർ|
Last Modified ഞായര്‍, 31 ഡിസംബര്‍ 2023 (13:35 IST)
പുതുവര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ഇതിന് പിന്നാലെ ജനുവരി 11 മുതല്‍ 17 വരെയുള്ള കാലയലവില്‍ അഫ്ഗാനിസ്ഥാനെതിരെ 3 ടി20 മത്സരങ്ങളിലാണ് ഇന്ത്യ കളിക്കുന്നത്. ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്. എന്നാൽ സൂര്യകുമാര്‍ യാദവ്,റുതുരാജ് ഗെയ്ക്ക്വാദ്,ഹാര്‍ദ്ദിക് പാണ്ഡ്യ എനിവര്‍ പരിക്കിന്റെ പിടിയിലും ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍ ക്രിക്കറ്റില്‍ നിന്നും താത്കാലികമായി ബ്രെയ്ക്കും എടുത്തിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെയ്ക്ക് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടി20യില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിനായിട്ടില്ലെങ്കിലും ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏകദിനത്തില്‍ നേടിയ സെഞ്ചുറിയും താരങ്ങളുടെ പരിക്കും സഞ്ജുവിന് ടീമിലേയ്ക്കുള്ള വാതില്‍ തുറന്ന് കൊടുത്തേയ്ക്കും. അഫ്ഗാനിസ്ഥാനെതിരെ മികവ് തെളിയിക്കാനായാല്‍ ടി20 ലോകകപ്പില്‍ അവസരം നേടാന്‍ ചിലപ്പോള്‍ സഞ്ജുവിനാകും. എന്നാല്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സഞ്ജു പെടാനുള്ള സാധ്യതയെല്ലാം തന്നെ നഷ്ടമാകും.