Sanju Samson: സെലക്ടര്‍മാര്‍ക്കും ബിസിസിഐയ്ക്കും മനസ്സിലായോ സഞ്ജുവിന് വേണ്ടത് എന്താണെന്ന്? ഇനിയെങ്കിലും അയാളോട് നീതി കാണിക്കൂ

നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജു സ്ഥാനം അര്‍ഹിക്കുന്നുണ്ടോ? ഈ ചോദ്യത്തിനു 'ഉണ്ട്' എന്നും 'ഇല്ല' എന്നും ഒരേസമയം ഉത്തരം പറയേണ്ടിവരും

രേണുക വേണു| Last Modified ശനി, 23 ഡിസം‌ബര്‍ 2023 (09:00 IST)

Sanju Samson: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ചുറി സഞ്ജുവിന്റെ കരിയറിലെ വഴിത്തിരിവ് ആകുകയാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ അതീവ ശ്രദ്ധയോടെ ഒരോ ബോളുകളും കളിച്ച് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചു സഞ്ജു. ഭാവിയില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥിരം സാന്നിധ്യമാകാനുള്ള യോഗ്യത തനിക്കുണ്ടെന്ന് സഞ്ജു തെളിയിച്ചു കഴിഞ്ഞു. ഇനിയെല്ലാം ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും കൈകളിലാണ്.

നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജു സ്ഥാനം അര്‍ഹിക്കുന്നുണ്ടോ? ഈ ചോദ്യത്തിനു 'ഉണ്ട്' എന്നും 'ഇല്ല' എന്നും ഒരേസമയം ഉത്തരം പറയേണ്ടിവരും. അതിനു കാരണം സഞ്ജുവിന് കഴിവ് കുറവാണ് എന്നതല്ല. മറിച്ച് സഞ്ജു ഏറ്റവും കംഫര്‍ട്ട് ആയി കളിക്കുന്ന മൂന്ന്, നാല് പൊസിഷനില്‍ നിലവില്‍ ഇന്ത്യക്കുള്ള മികച്ച കളിക്കാരാണ്. വിരാട് കോലി മൂന്നാമനായും ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍ എന്നിവര്‍ തൊട്ടുപിന്നാലെയും എത്തുന്ന ഇന്ത്യയുടെ ഏകദിന പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ എവിടെ പ്ലേസ് ചെയ്യും എന്നതാണ് എല്ലാവരെയും കുഴപ്പിക്കുന്ന ചോദ്യം. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഫിനിഷര്‍ റോളില്‍ രാഹുലിന് ശേഷം എത്തുക എന്ന ഓപ്ഷന്‍ മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നീ ഓള്‍റൗണ്ടര്‍മാരുള്ളപ്പോള്‍ ആ സ്ഥാനവും സഞ്ജുവിന് കൈയാലപ്പുറത്തെ തേങ്ങയാകുന്നു !

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുമ്പോള്‍ മൂന്നാമനോ നാലാമനോ ആയാണ് സഞ്ജു ഇറങ്ങാറുള്ളത്. കേരളത്തിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോഴും അങ്ങനെ തന്നെ. പക്ഷേ ഇന്ത്യക്കായി ഏകദിനത്തില്‍ 14 ഇന്നിങ്‌സുകള്‍ കളിച്ച സഞ്ജുവിന് വെറും മൂന്ന് തവണയാണ് ഈ പൊസിഷനില്‍ ഇറങ്ങാന്‍ സാധിച്ചിരിക്കുന്നത്. വിക്കറ്റും ബൗളര്‍മാരെയും മനസിലാക്കി സമയമെടുത്ത് ഇന്നിങ്‌സ് ബില്‍ഡ് ചെയ്യാന്‍ ഏകദിനത്തില്‍ സാധിക്കുമെന്നാണ് സഞ്ജു തന്നെ പറയുന്നത്. അതുകൊണ്ട് തന്നെ മൂന്നോ നാലോ പൊസിഷനാണ് താരം ഇഷ്ടപ്പെടുന്നതും. പക്ഷേ നിര്‍ഭാഗ്യം കൊണ്ട് തന്റെ ഇഷ്ടപ്പെട്ട പൊസിഷനില്‍ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നില്ല.

സഞ്ജു മികച്ചൊരു കളിക്കാരനാണെന്നും എന്നാല്‍ മറ്റു പല കാരണങ്ങളാലാണ് ഇന്ത്യക്ക് വേണ്ടി ഇറങ്ങാന്‍ അവസരം ലഭിക്കാത്തതെന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിച്ച കെ.എല്‍.രാഹുല്‍ പറയുന്നു. കോലി, ശ്രേയസ് തുടങ്ങിയ താരങ്ങള്‍ ഉള്ളപ്പോള്‍ മൂന്നോ നാലോ നമ്പറില്‍ സഞ്ജുവിനെ ഇറക്കാന്‍ സാധിക്കാത്തതാണ് രാഹുല്‍ പറഞ്ഞ സാങ്കേതിക പ്രശ്‌നം.

ഏകദിന ലോകകപ്പിന് ശേഷം വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഏകദിന ഫോര്‍മാറ്റില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. ഒരുപക്ഷേ അടുത്ത ഏകദിന ലോകകപ്പ് ഇരുവരും കളിക്കില്ല. അതുകൊണ്ട് തന്നെ അടുത്ത ലോകകപ്പ് കൂടി ലക്ഷ്യമിട്ട് സഞ്ജുവിന് ഏകദിന ഫോര്‍മാറ്റില്‍ കൂടുതല്‍ അവസരം നല്‍കുകയാണ് സെലക്ടര്‍മാരും ബിസിസിഐയും ചെയ്യേണ്ടത്. സഞ്ജുവിന് ഏറ്റവും പ്രിയപ്പെട്ട മൂന്നാം നമ്പര്‍ പൊസിഷന്‍ സ്ഥിരമായി നല്‍കുന്നതിനെ കുറിച്ചും ആലോചിക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :