Sanju Samson Controversy: ശ്രീശാന്തിനെ 3 വര്‍ഷത്തേക്ക് വിലക്കി കെസിഎ, സഞ്ജുവിന്റെ പിതാവിനെതിരെ നിയമനടപടി സ്വീകരിക്കും

Sanju Samson, KCA,Sreesanth
അഭിറാം മനോഹർ| Last Modified വെള്ളി, 2 മെയ് 2025 (14:58 IST)
Sreesanth- Sanju Samson
കൊച്ചി: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള
ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍
മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റര്‍ എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) . കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപകീര്‍ത്തികരവുമായ പ്രസ്താവന നടത്തിയെന്ന് കാണിച്ചാണ് നടപടി. നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് (കെസിഎ) ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസിന്റെ സഹ-ഉടമയാണ് ശ്രീശാന്ത്.


ചാമ്പ്യന്‍സ് ട്രോഫി ടീം തിരഞ്ഞെടുപ്പില്‍ വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം പ്രധാന മാനദണ്ഡമായിരുന്നു. ശ്രീശാന്ത് കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും കെസിഎ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെയാണ് ശ്രീശാന്ത് സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ വിമര്‍ശനം മുന്നോട്ടുവെച്ചത്. സഞ്ജു സാംസണിന്റെ പിതാവും കെസിഎക്കെതിരെ രംഗത്ത് വന്നിരുന്നു.


സംഭവത്തെ
തുടര്‍ന്ന് കെസിഎ ശ്രീശാന്തിനും, കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കണ്ടെന്റര്‍ സായി കൃഷ്ണന്‍, ആലപ്പി റിപ്പിള്‍സ് എന്നീ ഫ്രാഞ്ചൈസികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസി ടീമുകള്‍ സംഘടനയ്ക്ക് തൃപ്തികരമായ മറുപടി നല്‍കിയതിനാല്‍, അവരെതിരെ തുടര്‍ നടപടികള്‍ വേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു.


സഞ്ജു സാംസണിന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ്, ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാനും ജനറല്‍ ബോഡിയില്‍ തീരുമാനമായതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :