ഇത് ട്വന്റി 20 യാണ്, നങ്കൂരമിട്ട് കളിക്കുകയല്ല വേണ്ടത്; റിസ്വാനെ പൊരിച്ച് സഞ്ജയ് മഞ്ജരേക്കര്‍

പാക്കിസ്ഥാന്റെ മുന്‍ താരം വസീം അക്രവും റിസ്വാനെ വിമര്‍ശിച്ചു

രേണുക വേണു| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (09:35 IST)

ട്വന്റി 20 ഫോര്‍മാറ്റിനു അനുസരിച്ചുള്ള കളിയല്ല ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍ കാഴ്ചവെച്ചതെന്ന് വിമര്‍ശനം. ഫൈനലില്‍ 49 പന്തില്‍ 55 റണ്‍സാണ് റിസ്വാന്‍ നേടിയത്. റിസ്വാന്‍ തന്നെയാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. എങ്കിലും റിസ്വാന്റെ സ്ട്രൈക്ക് റേറ്റ് ട്വന്റി 20 ക്ക് ചേര്‍ന്നതല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. റിസ്വാനെ വിമര്‍ശിച്ച് സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തി.

' ട്വന്റി 20 ക്രിക്കറ്റില്‍ നങ്കൂരമിട്ട് കളിക്കുക എന്ന രീതിയോട് എനിക്ക് യോജിപ്പില്ല. അതൊരു മണ്ടത്തരമാണ്. 20 ഓവറില്‍ പത്ത് വിക്കറ്റ് നിങ്ങളുടെ കൈയിലുണ്ട്. ഇന്ത്യയുടെ പുതിയ രീതി എനിക്ക് ഇഷ്ടപ്പെട്ടു. നങ്കൂരമിട്ട് കളിക്കുന്ന ശൈലിയുള്ള ആരും ശ്രീലങ്കയിലും ഇപ്പോള്‍ ഇല്ല. മുഹമ്മദ് റിസ്വാന്റെ ബാറ്റിങ് പാക്കിസ്ഥാന്റെ കളിരീതിയുടെ തെളിവാണ്. 171 റണ്‍സ് പിന്തുടരുമ്പോള്‍ 16-ാം ഓവറില്‍ ഒരു ബാറ്റര്‍ 104 സ്‌ട്രൈക്ക് റേറ്റില്‍ നില്‍ക്കുന്നത് അത്ര നല്ല കാര്യമല്ല,' മഞ്ജരേക്കര്‍ പറഞ്ഞു.

പാക്കിസ്ഥാന്റെ മുന്‍ താരം വസീം അക്രവും റിസ്വാനെ വിമര്‍ശിച്ചു. 'ഞാന്‍ ഈ ടൂര്‍ണമെന്റിന്റെ തുടക്കത്തിലേ പറഞ്ഞിരുന്നതാണ്. ഇത്തരം കളികളില്‍ ഓപ്പണര്‍മാര്‍ സ്ട്രഗിള്‍ ചെയ്യാന്‍ പാടില്ല. പാക്കിസ്ഥാന്റെ കളിയില്‍ അതാണ് ഇന്ന് സംഭവിച്ചത്. റിസ്വാന്‍ ഇത് തന്നെയാണ് ഹോങ് കോങ്ങിനെതിരെ ചെയ്തത്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ഞാന്‍ ആ ഇന്നിങ്സിനെ അന്ന് വിമര്‍ശിച്ചിരുന്നു. പക്ഷേ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്രമിച്ചു. ഞാന്‍ റിസ്വാനെ പിന്തുണയ്ക്കുന്നില്ല എന്ന് പോലും പാക്കിസ്ഥാന്‍കാര്‍ വിമര്‍ശിച്ചു. ഞാന്‍ എന്റെ അഭിപ്രായം വളരെ ഓപ്പണ്‍ ആയി പറയുന്ന ആളാണ്. കാണുന്ന കാര്യങ്ങളെ കുറിച്ച് നുണ പറയാന്‍ എനിക്ക് അറിയില്ല. കറുപ്പ് കറുപ്പാണ്, വെള്ള വെള്ളയും,' അക്രം തുറന്നടിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :