സൂര്യകുമാറിനെ ഒഴിവാക്കുക, പകരം ഇഷാന്‍ കളിക്കട്ടെ; ഇന്ത്യയ്ക്ക് ഉപദേശവുമായി മുന്‍ പാക് ക്യാപ്റ്റന്‍

രേണുക വേണു| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (15:48 IST)

ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തുകയാണ് ഇന്ത്യയ്ക്ക് ഉചിതമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച അവസാന ഇന്നിങ്‌സ് അല്ലാതെ സൂര്യകുമാറിന്റേതായി എടുത്തുപറയാന്‍ സാധിക്കുന്ന ഇന്നിങ്‌സുകള്‍ ഇല്ല. അതുകൊണ്ട് നിലവില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന ഇഷാന്‍ കിഷനെ സൂര്യകുമാറിന് പകരം മധ്യനിരയില്‍ കളിപ്പിക്കുകയാണ് ഉചിതമെന്ന് ബട്ട് പറഞ്ഞു.

'ശ്രീലങ്കന്‍ പര്യടനത്തില്‍ കണ്ട പോലെ സൂര്യകുമാറില്‍ നിന്ന് മികച്ച ഇന്നിങ്‌സുകളൊന്നും പിന്നീട് പിറന്നിട്ടില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച അവസാന ഇന്നിങ്‌സ് മാത്രമാണ് എടുത്തുപറയാനുള്ളത്. അദ്ദേഹത്തിന്റെ ഫോമില്‍ ആശങ്ക തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താം. സൂര്യകുമാര്‍, ഇഷാന്‍ എന്നിവരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെങ്കില്‍ തീര്‍ച്ചയായും അത് ഇഷാന്‍ ആയിരിക്കും. മത്സരത്തിന്റെ ഗതി മാറ്റുന്ന തരത്തിലുള്ള മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇഷാന് സാധിക്കും,' സല്‍മാന്‍ ബട്ട് പറഞ്ഞു.

'സൂര്യകുമാറിന് പകരം ഇഷാന്‍ കളിക്കുകയാണെങ്കില്‍ മറ്റൊരു ഗുണം കൂടി ഇന്ത്യയ്ക്ക് ഉണ്ട്. മധ്യനിരയില്‍ ഇന്ത്യയ്ക്ക് രണ്ട് ഇടംകൈയന്‍ ബാറ്റര്‍മാര്‍ ഉണ്ടാകും. ഇഷാന്‍ കിഷനും റിഷഭ് പന്തും. വാലറ്റത്തേക്ക് വരുമ്പോള്‍ രവീന്ദ്ര ജഡേജ കൂടി ഇടംകൈയന്‍ ആണ്. ലെഫ്റ്റ്-റൈറ്റ് കോംബിനേഷന്‍ കൂടുതല്‍ ഗുണം ചെയ്യും. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ മൂന്ന് പേരും വലംകൈയന്‍മാരാണ്. ഇഷാന്‍ വന്നാല്‍ റൈറ്റ്-ലെഫ്റ്റ് കോംബിനേഷന്‍ കൂടുതല്‍ നന്നായി പ്രയോജനപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിക്കും,' സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :