രേണുക വേണു|
Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (10:01 IST)
ടി 20 ലോകകപ്പില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനു പിന്നാലെ എങ്ങനെയായിരിക്കും ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ എന്ന കാര്യത്തില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയാണ്.
ആരാകും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. കെ.എല്‍.രാഹുല്‍-രോഹിത് ശര്‍മ സഖ്യത്തിനാണ് കൂടുതല്‍ സാധ്യതയെങ്കിലും ഇഷാന്‍ കിഷന്റെ മികച്ച ഫോം കണ്ടില്ലെന്ന് നടിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കില്ല. ഇടത്-വലത് കോംബിനേഷന്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും അതിനാല്‍ രാഹുല്‍-ഇഷാന്‍ സഖ്യം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതാകും ഉചിതമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
വിരാട് കോലി മൂന്നാം നമ്പറില്‍ തന്നെ ഇറങ്ങുമെന്ന കാര്യത്തില്‍ ഉറപ്പായി. പൊസിഷന്‍ മാറി കളിക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് കോലിയുടെയും അഭിപ്രായം. സൂര്യകുമാര്‍ യാദവ് ആയിരിക്കും നാലാം നമ്പറില്‍ ഇറങ്ങുക. പിന്നാലെ അഞ്ചാമനായി റിഷഭ് പന്ത്. ടി 20 ലോകകപ്പില്‍ തനിക്ക് ഫിനിഷറുടെ റോള്‍ ആണെന്നാണ് ഹാര്‍ദിക് പാണ്ഡ്യ പറയുന്നത്. പ്ലേയിങ് ഇലവനില്‍ നിന്ന് ഹാര്‍ദിക്കിനെ ഒഴിവാക്കില്ല. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയായിരിക്കും ബാറ്റ് ചെയ്യാന്‍ എത്തുക.
രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കും. ഐപിഎല്‍ മുതല്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന രാഹുല്‍ ചഹറിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയേക്കും. രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. ഏഴ്, എട്ട് നമ്പറുകളില്‍ ജഡേജയും അശ്വിനും ബാറ്റ് ചെയ്യാന്‍ എത്തും. ബാറ്റര്‍ എന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ അശ്വിനുള്ള കഴിവാണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ വഴിയൊരുക്കുക.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശര്‍ദുല്‍ താക്കൂര്‍ എന്നിവരായിരിക്കും മൂന്ന് പേസര്‍മാര്‍. ഐപിഎല്ലിലും ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലും നിരാശപ്പെടുത്തിയ ഭുവനേശ്വര്‍ കുമാറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ല. ബാറ്റര്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്താന്‍ കഴിവുള്ള ശര്‍ദുല്‍ താക്കൂര്‍ ആയിരിക്കും ഭവനേശ്വറിന് പകരം പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കുക. ഒന്‍പതാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ശര്‍ദുല്‍ എത്തും. പത്ത്, പതിനൊന്ന് നമ്പറുകളില്‍ ഷമിയും ബുംറയും കളത്തിലിറങ്ങും.