രേണുക വേണു|
Last Modified ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (20:14 IST)
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ കൂടുതല്‍ പ്രതികരണവുമായി മലയാളി താരം എസ്.ശ്രീശാന്ത്. വെറും പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി താന്‍ എന്തിനാണ് ഒത്തുകളിക്കുന്നതെന്ന് ശ്രീശാന്ത് ചോദിച്ചു. സ്‌പോര്‍ട്‌സ്‌കീടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഐപിഎല്‍ ഒത്തുകളി വിവാദത്തെ കുറിച്ച് ഞാന്‍ ഇത്ര ആഴത്തില്‍ തുറന്നുപറയുന്നത് ആദ്യമായാണ്. അവസാന ഓവറില്‍ 14 റണ്‍സോ മറ്റോ ആണ് അന്ന് എതിര്‍ടീമിന് ജയിക്കാന്‍ വേണ്ടത്. ഞാന്‍ ആദ്യമെറിഞ്ഞ നാല് പന്തില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു നോ-ബോളോ വൈഡോ ഞാന്‍ എറിഞ്ഞിട്ടില്ല. ഒരു സ്ലോവര്‍ പന്ത് പോലും എറിഞ്ഞില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയക്ക് ശേഷവും 130 ന് മുകളില്‍ വേഗതയിലാണ് ഞാന്‍ പന്തെറിഞ്ഞിരുന്നത്. അങ്ങനെയുള്ള ഞാന്‍ ഒത്തുകളിച്ചെന്നോ?,' ശ്രീശാന്ത് ചോദിച്ചു.
'ഇറാനി ട്രോഫി കളിച്ച് 2013 ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. ആ പരമ്പരയില്‍ എങ്ങനെയെങ്കിലും കളിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെയുള്ള ഞാന്‍ എന്തിന് ഒത്തുകളിക്കണം, അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി? ഞാന്‍ പൊങ്ങച്ചം പറയുകയാണെന്ന് വിചാരിക്കരുത്, സുഹൃത്തുക്കള്‍ക്കും മറ്റും പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം രൂപ ബില്ല് അടയ്ക്കുന്ന വ്യക്തിയാണ് ഞാന്‍,' ശ്രീശാന്ത് പറഞ്ഞു.