'ശ്രീ, ഈ മത്സരം എനിക്ക് വേണ്ടി ജയിക്കൂ'; അന്ന് രാഹുല്‍ ദ്രാവിഡ് ശ്രീശാന്തിനോട് പറഞ്ഞു

രേണുക വേണു| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (15:45 IST)

മലയാളികളുടെ അഭിമാന താരമാണ് ശ്രീശാന്ത്. ഇന്ത്യ ലോകകപ്പ് നേടിയ മത്സരങ്ങളില്‍ ടീമിന്റെ ഭാഗമാകാന്‍ സാധിച്ച ഏക മലയാളിയാണ് ശ്രീശാന്ത്. രാജ്യാന്തര കരിയറിന്റെ തുടക്കത്തില്‍ തനിക്കുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ശ്രീ ഇപ്പോള്‍.

മഹേന്ദ്രസിങ് ധോണിയാണ് തനിക്ക് ഏറെ പ്രിയപ്പെട്ട നായകന്‍ എന്ന് ശ്രീശാന്ത് പറയുന്നു. 2007 ലും 2011 ലും ലോകകപ്പ് നേടിയത് ധോണിയുടെ കീഴില്‍ ആണെന്നതാണ് അതിനുള്ള പ്രധാന കാരണമായി പറയുന്നത്. ധോണിക്കൊപ്പം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ കുറിച്ചും ശ്രീശാന്ത് വാചാലനായി.

'ഞാന്‍ കളിച്ചിട്ടുള്ള നായകന്‍മാരില്‍ ഏറ്റവും മികച്ച നായകന്‍ ധോണിയാണ്. അദ്ദേഹത്തിന്റെ കീഴിലാണ് 2007, 2011 ലോകകപ്പുകള്‍ ജയിച്ചത്. പക്ഷേ, നായകന്‍മാരെ കുറിച്ച് സംസാരിക്കുമ്പോള്‍ തീര്‍ച്ചയായും രാഹുല്‍ ദ്രാവിഡിനെ കുറിച്ച് പറയണം. എന്റെ ആദ്യ നായകനാണ് അദ്ദേഹം. എനിക്ക് ടെസ്റ്റ് മത്സരങ്ങളിലും വിജയത്തിലെത്തിക്കാന്‍ കഴിയുമെന്ന് എന്നെ തന്നെ വിശ്വസിപ്പിച്ചത് അദ്ദേഹമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ജോഹന്നാസ്ബര്‍ഗ് ടെസ്റ്റിനു മുന്‍പ് അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ചു. 'ശ്രീ, ഈ മത്സരം എനിക്കായി ജയിക്കൂ' എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ആ നിമിഷം എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു,' ശ്രീശാന്ത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :