രേണുക വേണു|
Last Modified ശനി, 6 ജനുവരി 2024 (15:53 IST)
Rohit Sharma and Virat Kohli:
ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ. ലോകകപ്പ് ടീമില്‍ വിരാട് കോലിയും ഉണ്ടാകും. രോഹിത്തിനും കോലിക്കും പകരമാകാന്‍ ഇപ്പോഴത്തെ യുവതാരങ്ങള്‍ക്കൊന്നും സാധിക്കില്ലെന്നും ഇരുവരുടെയും സാന്നിധ്യം ലോകകപ്പില്‍ ടീമിനു ഗുണം ചെയ്യുമെന്നാണ് സെലക്ടര്‍മാരുടെയും മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും നിലപാട്. മുതിര്‍ന്ന താരങ്ങളെ പൂര്‍ണമായി മാറ്റി നിര്‍ത്തി ലോകകപ്പില്‍ റിസ്‌ക്കെടുക്കേണ്ട ആവശ്യമില്ലെന്ന് ബിസിസിഐ നേതൃത്വവും നിലപാടെടുത്തു.
തങ്ങള്‍ക്ക് ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് കോലിയും രോഹിത്തും നേരത്തെ സെലക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. നായകസ്ഥാനത്ത് തുടരാന്‍ രോഹിത് സന്നദ്ധനെങ്കില്‍ ലോകകപ്പ് വരെ മറ്റൊരു നായകനെ കുറിച്ചോര്‍ക്കേണ്ട ആവശ്യമില്ലെന്നാണ് ബിസിസിഐയുടെയും പക്ഷം. ഏകദിന ലോകകപ്പിലെ ഫോം ഇരുവരും തുടര്‍ന്നാല്‍ ട്വന്റി 20 ലോകകപ്പിലും ഇന്ത്യക്ക് മുന്നേറാന്‍ സാധിക്കുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.
2022 നവംബര്‍ മുതല്‍ ഇതുവരെ ഇന്ത്യക്കായി കോലിയും രോഹിത്തും ട്വന്റി 20 കളിച്ചിട്ടില്ല. ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് ഇരുവരും ഇടവേളയെടുക്കുകയായിരുന്നു. ഏകദിന ലോകകപ്പ് അവസാനിച്ച സാഹചര്യത്തില്‍ അടുത്ത ഐസിസി ടൂര്‍ണമെന്റിനു വേണ്ടി ഒരുങ്ങാനാണ് ഇരുവരുടെയും തീരുമാനം. 2024 ഐപിഎല്ലിലെ പ്രകടനങ്ങളാകും ട്വന്റി 20 ലോകകപ്പ് ടീം തിരഞ്ഞെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുക.