രേണുക വേണു|
Last Modified വെള്ളി, 1 ഡിസംബര്‍ 2023 (12:38 IST)
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഇന്ത്യക്കായി ടി 20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലും രണ്ട് പേരും ഇല്ല. രോഹിത്തും കോലിയും ഇനി ട്വന്റി 20 ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തില്ലെന്നും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രോഹിത് തന്നെ ട്വന്റി 20 ലോകകപ്പിലും നയിക്കണമെന്നാണ് ബിസിസിഐയുടെ തീരുമാനം.
ട്വന്റി 20 ഫോര്‍മാറ്റിന് ചേരുന്ന രീതിയില്‍ ബാറ്റ് ചെയ്യാന്‍ ഇപ്പോഴും രോഹിത്തിന് സാധിക്കുന്നുണ്ട്. നായകനെന്ന നിലയിലും രോഹിത് മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ട്വന്റി 20 ലോകകപ്പിലും രോഹിത് നയിക്കുന്നതാണ് ടീമിനു നല്ലതെന്ന് ബിസിസിഐ വിലയിരുത്തുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ രോഹിത്തിനെ നായകനാക്കാനാണ് ബിസിസിഐ ആദ്യം തീരുമാനിച്ചത്. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ചെറിയൊരു ഇടവേള വേണമെന്ന് താരം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് സൂര്യകുമാര്‍ യാദവിന് ക്യാപ്റ്റന്‍സി നല്‍കിയിരിക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ കളിക്കാന്‍ രോഹിത് തയ്യാറായാല്‍ ലോകകപ്പില്‍ നായകസ്ഥാനവും രോഹിത്തിന് തന്നെയായിരിക്കും.
അതേസമയം വിരാട് കോലി, കെ.എല്‍.രാഹുല്‍ എന്നിവരുടെ കാര്യം പരുങ്ങലിലാണ്. ഇരുവരും ട്വന്റി 20 ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. വരുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇരുവരെയും ട്വന്റി 20 ലോകകപ്പിലേക്ക് പരിഗണിക്കൂ.