Rohit Sharma and Arjun Tendulkar: താരപുത്രനെ എത്ര നാള്‍ ഇങ്ങനെ സംരക്ഷിക്കും, ഇത് വല്ലാത്തൊരു സ്‌നേഹം തന്നെ; രോഹിത്തിന് രൂക്ഷ വിമര്‍ശനം

അതേസമയം അര്‍ജുനെ പരമാവധി സംരക്ഷിക്കാനാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ ശ്രമിക്കുന്നത്

രേണുക വേണു| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (08:36 IST)

Rohit Sharma and Arjun Tendulkar: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്ന മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ആരാധകര്‍. അര്‍ജുന്റെ ടീം പ്രവേശനം നെപ്പോട്ടിസത്തിന് ഉദാഹരണമാണെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. മുംബൈ പോലൊരു ഫ്രാഞ്ചൈസിയില്‍ ഇടം പിടിക്കാനുള്ള ക്വാളിറ്റിയൊന്നും നിലവില്‍ അര്‍ജുന് ഇല്ല. എന്നിട്ടും തുടര്‍ച്ചയായി താരത്തിന് അവസരങ്ങള്‍ ലഭിക്കുന്നത് സച്ചിന്റെ മകനായതുകൊണ്ട് മാത്രമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

പഞ്ചാബിനെതിരായ മത്സരത്തില്‍ ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയതിനു പിന്നാലെ അര്‍ജുന് ഇനി മുംബൈ പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് ആരാധകര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച ഗുജറാത്തിനെതിരെ നടന്ന മത്സരത്തിലും പ്ലേയിങ് ഇലവനില്‍ അര്‍ജുന്‍ സ്ഥാനം പിടിച്ചു. വേണ്ടത്ര പേസ് ഇല്ലാത്ത ബൗളറാണ് അര്‍ജുന്‍. ഹാര്‍ഡ് ഹിറ്റര്‍മാരുടെ കൈയില്‍ കിട്ടിയാല്‍ അര്‍ജുന്റെ കഥ കഴിയുമെന്ന് ടീം മാനേജ്‌മെന്റിന് നന്നായി അറിയാം. എന്നിട്ടും തുടര്‍ച്ചയായി അവസരങ്ങള്‍ കൊടുക്കുന്നത് നെപ്പോട്ടിസമാണെന്ന് ആരാധകര്‍ രൂക്ഷമായി വിമര്‍ശിച്ചു.

അതേസമയം അര്‍ജുനെ പരമാവധി സംരക്ഷിക്കാനാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ ശ്രമിക്കുന്നത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ പവര്‍പ്ലേയിലെ ആദ്യ രണ്ട് ഓവറുകള്‍ എറിഞ്ഞ അര്‍ജുന്‍ ഒന്‍പത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ പിന്നീട് അര്‍ജുന് ഓവര്‍ ലഭിച്ചില്ല. മധ്യ ഓവറുകളിലോ ഡെത്ത് ഓവറുകളിലോ എറിഞ്ഞാല്‍ അര്‍ജുന് നല്ല അടി കിട്ടുമെന്ന് അറിയുന്നതുകൊണ്ട് രോഹിത് മനപ്പൂര്‍വ്വം ഓവര്‍ കൊടുക്കാതിരുന്നതാണെന്നും താരപുത്രനെ സംരക്ഷിച്ചതാണെന്നും ആരാധകര്‍ പറയുന്നു. ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാത്തിയ തുടങ്ങിയ ഹാര്‍ഡ് ഹിറ്റര്‍മാര്‍ക്ക് മുന്നിലേക്ക് അര്‍ജുനെ ഇട്ടുകൊടുക്കാതിരിക്കാന്‍ രോഹിത് കളിച്ച തന്ത്രം കുറച്ച് കൂടിപ്പോയെന്നും ആരാധകര്‍ പറയുന്നു. എത്രനാള്‍ അര്‍ജുനെ ഇങ്ങനെ സംരക്ഷിക്കുമെന്നാണ് രോഹിത്തിനോട് ആരാധകരുടെ ചോദ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :