Arjun Tendulkar: അപ്പോ ചെക്കന് അടി കിട്ടുമെന്ന് അറിയാം; അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ബൗളിങ് കൊടുക്കാതെ രോഹിത് ശര്‍മ

പവര്‍പ്ലേയില്‍ നല്ല രീതിയില്‍ എറിഞ്ഞിട്ടും അര്‍ജുന് പിന്നീട് ഒരു ഓവര്‍ പോലും കൊടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്

രേണുക വേണു| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (08:24 IST)

Arjun Tendulkar: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പവര്‍പ്ലേയ്ക്ക് ശേഷം അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ബൗളിങ്ങിന് അവസരം നല്‍കാതെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. പവര്‍പ്ലേയിലെ രണ്ട് ഓവറുകള്‍ എറിഞ്ഞ അര്‍ജുന് പിന്നീട് മധ്യ ഓവറുകളിലോ ഡെത്ത് ഓവറുകളിലോ പന്ത് ലഭിച്ചില്ല. പവര്‍പ്ലേയില്‍ രണ്ട് ഓവറില്‍ നിന്ന് വെറും ഒന്‍പത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കാന്‍ അര്‍ജുന് സാധിച്ചിരുന്നു.

പവര്‍പ്ലേയില്‍ നല്ല രീതിയില്‍ എറിഞ്ഞിട്ടും അര്‍ജുന് പിന്നീട് ഒരു ഓവര്‍ പോലും കൊടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടിയിരുന്നു. കാമറൂണ്‍ ഗ്രീന്‍, റിലീ മെറിഡിത്ത് അടക്കമുള്ള താരങ്ങള്‍ക്ക് ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ അവസരം ലഭിച്ചിട്ടും പവര്‍പ്ലേയില്‍ നന്നായി പന്തെറിഞ്ഞ അര്‍ജുന് മാത്രം രോഹിത് അവസരം നല്‍കാത്തത് ശരിയായില്ലെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു.

അതേസമയം, അര്‍ജുന് പന്ത് കൊടുക്കാന്‍ രോഹിത്തിന് പേടിയാണെന്നാണ് മറ്റൊരു വിഭാഗം ആരാധകരുടെ കണ്ടുപിടിത്തം. പഞ്ചാബിനെതിരായ മത്സരത്തില്‍ 16-ാം ഓവര്‍ എറിയാനെത്തിയപ്പോള്‍ അര്‍ജുന് 31 റണ്‍സാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ മാത്രമാണ് അര്‍ജുന് നന്നായി എറിയാന്‍ പറ്റുന്നതെന്നും ഡെത്ത് ഓവറുകളില്‍ എറിയാന്‍ വന്നാല്‍ അര്‍ജുന് നല്ല അടി കിട്ടുമെന്ന് രോഹിത്തിന് അറിയാമെന്നും ആരാധകര്‍ പറയുന്നു. ഇക്കാരണം കൊണ്ടാണ് അര്‍ജുന് പിന്നീട് രോഹിത് പന്ത് കൊടുക്കാതിരുന്നതെന്നാണ് ആരാധകരുടെ നിരീക്ഷണം.

അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നീ ഹാര്‍ഡ് ഹിറ്റര്‍മാര്‍ ഗുജറാത്തിന് വേണ്ടി തിളങ്ങി നില്‍ക്കുന്ന സമയത്ത് അര്‍ജുനെ അവര്‍ക്ക് മുന്‍പിലേക്ക് ഇട്ടുകൊടുക്കാന്‍ രോഹിത് തയ്യാറാകാതിരുന്നതാണെന്നാണ് മറ്റൊരു വിഭാഗം ആരാധകര്‍ പറയുന്നു. അക്ഷരാര്‍ത്ഥത്തില്‍ അര്‍ജുനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു രോഹിത്. അതുകൊണ്ടാണ് പിന്നീട് പന്ത് കൊടുക്കാതിരുന്നത്. ഡെത്ത് ഓവറില്‍ ഒരോവര്‍ കൂടി അര്‍ജുന്‍ എറിഞ്ഞിരുന്നെങ്കില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ സംഭവിച്ചതുപോലെ വലിയ റണ്‍സ് വഴങ്ങേണ്ടി വരുമായിരുന്നെന്നും അത് ഇല്ലാതാക്കാന്‍ രോഹിത് മനപ്പൂര്‍വ്വം ചെയ്തതാണെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :