Rohit Sharma: രോഹിത് ശര്‍മയുടെ ടെസ്റ്റ് നായകസ്ഥാനം തുലാസില്‍, പുതിയ ക്യാപ്റ്റനെ തേടുന്നതായി റിപ്പോര്‍ട്ട്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നേടാന്‍ ഇന്ത്യക്ക് സാധിക്കണമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍

രേണുക വേണു| Last Modified ചൊവ്വ, 7 ഫെബ്രുവരി 2023 (08:40 IST)

Rohit Sharma: ട്വന്റി 20 ക്ക് പിന്നാലെ രോഹിത് ശര്‍മയുടെ ടെസ്റ്റ് നായകസ്ഥാനത്തിനും കടുത്ത വെല്ലുവിളി. യഥാര്‍ഥത്തില്‍ വലിയൊരു അഗ്നിപരീക്ഷയാണ് രോഹിത് നേരിടാന്‍ പോകുന്നത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പര രോഹിത്തിന് നിര്‍ണായകമാണ്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തോറ്റാല്‍ അത് രോഹിത്തിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി നഷ്ടപ്പെടാന്‍ കാരണമാകും. ബിസിസിഐ താരത്തിനു അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓസീസിനെതിരായ പരമ്പര തോറ്റാല്‍ പുതിയ നായകനെ തേടുമെന്നാണ് രോഹിത്തിന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നേടാന്‍ ഇന്ത്യക്ക് സാധിക്കണമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍. അതിനു ടീമിനെ സജ്ജമാക്കേണ്ടത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ലഭിക്കാതെ വന്നാല്‍ അത് രോഹിത്തിന്റെ ടെസ്റ്റ് നായകസ്ഥാനം തെറിക്കാന്‍ കാരണമാകുമെന്നാണ് ബിസിസിഐ ഉന്നതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒരു ഐസിസി ട്രോഫി കൂടി നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ വയ്യ എന്നാണ് ബിസിസിഐയുമായി ഏറ്റവും അടുത്ത ഉന്നതന്‍ പറയുന്നത്.

വരുന്ന മത്സരങ്ങളിലെ ഫലങ്ങള്‍ നോക്കി മാത്രമായിരിക്കും രോഹിത് നായകസ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനിക്കുക. നിലവില്‍ നായകനെ മാറ്റണമെന്ന നിര്‍ബന്ധം ബിസിസിഐയ്ക്ക് ഇല്ല. എന്നാല്‍ വരുന്ന ടെസ്റ്റ് മത്സരങ്ങളിലെ ഫലം പരിശോധിച്ച് നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് ബിസിസിഐ ഉന്നതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രോഹിത് ശര്‍മയ്ക്ക് ശേഷം റിഷഭ് പന്തിനെയാണ് പുതിയ ടെസ്റ്റ് നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :