അഭിറാം മനോഹർ|
Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (21:43 IST)
എക്കാലവും വലിയ ആവേശം സൃഷ്ടിക്കാറുള്ള ടെസ്റ്റ് പോരാട്ടങ്ങളാണ് ഇന്ത്യയും ഓസീസും തമ്മിൽ നടക്കാറുള്ളത്.ഇത്തവണ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടുകയെന്ന ലക്ഷ്യവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. അതേസമയം കഴിഞ്ഞ 2 തവണയും സ്വന്തം നാട്ടിൽ വെച്ച് നഷ്ടമായ പരമ്പര തിരിച്ചുപിടിക്കാനാണ് ഓസീസ് ശ്രമിക്കുന്നത്.
എക്കാലവും ഇന്ത്യൻ പിച്ചുകൾ സ്പിൻ ബൗളിങ്ങിനെ തുണയ്ക്കുന്നവയാണ്. അശ്വിനും, ജഡേജയും അക്ഷറും ഒന്നിക്കുന്ന ഇന്ത്യൻ സ്പിൻ ത്രയത്തിനെതിരെ ഓസീസ് എങ്ങനെ പിടിച്ചുനിൽക്കുന്നു എന്നതിനനുസരിച്ചാകും ടൂർണമെൻ്റിലെ ഓസീസ് സാധ്യതകൾ. ഇന്ത്യൻ പിച്ചുകളെയും സ്പിന്നർമാരെയും നേരിടാൻ നാട്ടിൽ പച്ചപ്പ് മൊത്തം കളഞ്ഞ് ഇന്ത്യൻ സാഹചര്യങ്ങൾ സൃഷ്ടിച്ചാണ് ഓസീസ് പരിശീലനം നടത്തിയത്.
ഓസീസ് സംഘം ഇന്ത്യയിൽ എത്തിയപ്പോൾ അശ്വിനെ നേരിടാനായി അശ്വിൻ്റെ ശൈലിയിൽ പന്തെറിയുന്ന 21 കാരനായ മഹേഷ് പിത്തിയ എന്ന സ്പിന്നറെ ക്യാമ്പിലെത്തിച്ചാണ് ഓസീസ് പരിശീലനം നടത്തിയത്. 2001 മുതൽ ഇന്ത്യ നാട്ടിൽ കളിച്ച 36 ടെസ്റ്റ് പരമ്പരകളാണ് കളിച്ചത് ഇതിൽ 2004-05 സീസണിൽ ഓസ്ട്രേലിയയോടും 2011-12 സീസണിൽ ഇംഗ്ലണ്ടിനോടും 3 വീതം തോൽവികൾ മാത്രമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഈ കാലയളവിൽ വീഴ്ത്തിയ വിക്കറ്റുകളിൽ 68 ശതമാനവും നേടിയത് സ്പിന്നർമാരാണ്. അതിൽ 44 ശതമാനം വിക്കറ്റുകളും അശ്വിനും ജഡേജയും ചേർന്നാണ് നേടിയത്.