അഭിറാം മനോഹർ|
Last Modified വ്യാഴം, 28 ജൂലൈ 2022 (18:31 IST)
വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ 3 കളികളിൽ നിന്നും 168 റൺസുമായി തിളങ്ങിയെങ്കിലും മൂന്ന് കളികളിലും 100ൽ താഴെ സ്ട്രൈക്ക് റേറ്റിലാണ് ഇന്ത്യയുടെ സീനിയർ താരം ശിഖർ
ധവാൻ റൺസ് കണ്ടെത്തിയത്. 2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ധവാൻ്റെ മെല്ലെപോക്കിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മികച്ച രീതിയിൽ റൺസുയർത്താറുള്ള ധവാൻ സമീപകാലത്ത് കളിച്ച മത്സരങ്ങളിൽ ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്തിയിരുന്നു.
വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ 99 പന്തിൽ നിന്നും 97 റൺസാണ് ധവാൻ നേടിയത്. രണ്ടാം ഏകദിനത്തിൽ 31 പന്തിൽ നിന്നും 31 റൺസും ഇന്നലെ നടന്ന മത്സരത്തിൽ 74 പന്തിൽ 58 റൺസുമായിരുന്നു ധവാൻ നേടിയത്. കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രകടനങ്ങൾ പരിഗണിക്കുമ്പോൾ 76.03 ആണ് ധവാൻ്റെ സ്ട്രൈക്ക്റേറ്റ്. ഇതാണ് രോഹിത് ശർമ്മയെ അലട്ടുന്നതെന്നാണ് റിപ്പോർട്ട്.
അഞ്ചോ പത്തോ വർഷങ്ങൾക്ക് മുൻപായിരുന്നെങ്കിൽ ഈ രീതി മതിയായിരുന്നുവെന്നും ഇന്ന് ആദ്യ പന്ത് മുതൽ തന്നെ റൺസ് കണ്ടെത്തേണ്ടത് പ്രധാനമാണെന്നുമാണ് രോഹിത്തിൻ്റെ നിലപാട്. നിലവിൽ ടീമിലെ മറ്റ് ഓപ്പണർമാരായ ഇഷാൻ കിഷൻ,ശുഭ്മാൻ ഗിൽ,റിതുരാജ്,കെ എൽ രാഹുൽ എന്നിവർക്കെല്ലാം 100ന് മുകളിൽ സ്ട്രൈക്ക് റേറ്റുണ്ട്.