അഭിറാം മനോഹർ|
Last Modified വെള്ളി, 8 മാര്‍ച്ച് 2024 (14:12 IST)
ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ് മത്സരം ഇംഗ്ലണ്ട് താരമായ ജോണി ബെയര്‍സ്‌റ്റോയുടെ നൂറാമത് ടെസ്റ്റ് മത്സരം കൂടിയായിരുന്നു. രവിചന്ദ്ര അശ്വിന് തന്റെ നൂറാം ടെസ്റ്റില്‍ പന്തുകൊണ്ട് തിളങ്ങാനായപ്പോള്‍ ബെയര്‍സ്‌റ്റോയ്ക്ക് ബാറ്റിംഗില്‍ കാര്യമായൊന്നും ചെയ്യാനായില്ല.ടൂര്‍ണമെന്റില്‍ കാര്യമായ പ്രകടനമൊന്നും നടത്താനാവാതിരുന്ന താരം 18 പന്തില്‍ നിന്നും 29 റണ്‍സുമായാണ് അഞ്ചാം ടെസ്റ്റില്‍ മടങ്ങിയത്. കുല്‍ദീപ് യാദവിന്റെ പന്തിന് മുന്നില്‍ താരം വീഴുകയായിരുന്നു.
മത്സരത്തിനിടെ ജോണി ബെയര്‍സ്‌റ്റോയ്ക്ക് എങ്ങനെ പന്തെറിയണമെന്ന രോഹിത്തിന്റെ നിര്‍ദേശമാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്റ്റമ്പ് മൈക്കാണ് രോഹിത്തിന്റെ സംസാരം പിടിച്ചെടുത്തത്. ഇവന് നീ എങ്ങനെ വേണമെങ്കിലും പന്തെറിഞ്ഞോ എന്ന് കുല്‍ദീപ് യാദവിനോടാണ് രോഹിത് പറയുന്നത്. പരമ്പരയിലെ ബെയര്‍സ്‌റ്റോയുടെ മോശം ഫോമിനെ പരിഹസിച്ചുകൊണ്ടാണ് രോഹിത്തിന്റെ കമന്റ്.
മത്സരത്തില്‍ ബെയര്‍സ്‌റ്റോയെ ധ്രുവ് ജുറലിന്റെ കൈകളിലെത്തിച്ചത് കുല്‍ദീപ് യാദവ് തന്നെയായിരുന്നു. ബെയര്‍സ്‌റ്റോയ്ക്ക് പിന്നാലെ ജോ റൂട്ട്,ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ കൂടി മടങ്ങിയതോടെയാണ് 175ന് 3 എന്ന ശക്തമായ നിലയിലുണ്ടായിരുന്ന ഇംഗ്ലണ്ട് 175ന് 6 എന്ന തരത്തില്‍ കൂപ്പുകുത്തിയത്. 218 റണ്‍സിന് ഓള്‍ ഔട്ടായ ഇംഗ്ലണ്ട് അവസാന 7 വിക്കറ്റിനിടെ കൂട്ടിചേര്‍ത്തത് വെറും 43 റണ്‍സാണ്. അതിന് തുടക്കമിട്ടത് ബെയര്‍സ്‌റ്റോയുടെ പുറത്താകലായിരുന്നു.