അഭിറാം മനോഹർ|
Last Modified വ്യാഴം, 7 മാര്‍ച്ച് 2024 (14:15 IST)
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ധരംശാലയില്‍ നടക്കുമ്പോള്‍ തന്റെ ടെസ്റ്റ് കരിയറിലെ നൂറാം ടെസ്റ്റ് മത്സരത്തിലാണ് ഇന്ത്യന്‍ സ്പിന്നറായ ആര്‍ അശ്വിന്‍ കളിക്കുന്നത്. ഇതിഹാസതാരമായ അശ്വിന്റെ ഈ നേട്ടത്തില്‍ നിരവധി താരങ്ങളാണ് പ്രശംസയുമായി എത്തിയിരിക്കുന്നത്. എന്നാല്‍ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന അശ്വിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. മുതിര്‍ന്ന കളിക്കാരെ ബഹുമാനമില്ലാത്തവനാണ് അശ്വിനെന്നും നൂറാം ടെസ്റ്റ് മത്സരത്തിന് മുന്‍പ് അഭിനന്ദിക്കാനായി താന്‍ വിളിച്ചപ്പോള്‍ അശ്വിന്‍ ഫോണ്‍ എടുത്തില്ലെന്നും ശിവരാമകൃഷ്ണന്‍ പറയുന്നു.
നൂറാം ടെസ്റ്റ് കളിക്കുന്നതില്‍ അശ്വിനെ അഭിനന്ദിക്കുന്നതിനായി ഒന്ന് രണ്ട് തവണ ഞാന്‍ വിളിച്ചിരുന്നു. എന്നാല്‍ എന്റെ ഫോണ്‍ കട്ടാക്കുകയാണ് അവന്‍ ചെയ്തത്. സന്ദേശം അയച്ചെങ്കിലും മറുപടിയില്ല. മുന്‍ താരങ്ങളോട് അശ്വിന്റെ ബഹുമാനം ഇതാണ്. അശ്വിന്റെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ആരാധകന്റെ ആശംസയ്ക്ക് താഴെയായി ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ കുറിച്ചു.
നേരത്തെ ഇന്ത്യന്‍ പിച്ചുകളില്‍ മാത്രം മികവ് പുലര്‍ത്തുന്ന സ്പിന്നറാണ് അശ്വിന്‍ എന്ന് ശിവരാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. അശ്വിന്‍ സ്വാര്‍ഥനാണെന്നും സ്വന്തം റെക്കോര്‍ഡുകളെ പറ്റി മാത്രമാണ് ചിന്തിക്കുന്നതെന്നും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ആരോപിച്ചിട്ടുണ്ട്. ഈ സംഭവങ്ങളുറ്റെ പശ്ചാത്തലത്തിലാണ് അശ്വിന്‍ ഫോണ്‍ എടുക്കാന്‍ തയ്യാറാകാത്തതെന്ന് ആരാധകര്‍ പറയുന്നു. അശ്വിന്‍ ഒരു ചരിത്രനേട്ടം സ്വന്തമാക്കുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ നടത്തി സ്വന്തം വില ഇടിയ്ക്കുകയാണ് ലക്ഷ്മണ്‍ ചെയ്യുന്നതെന്നും ആരാധകര്‍ പറയുന്നു.