ടി 20 ക്രിക്കറ്റ്: രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റനാകും, പേര് നിര്‍ദേശിച്ച് കോലി

രേണുക വേണു| Last Modified വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (07:27 IST)

ടി 20 ലോകകപ്പിന് ശേഷം കുട്ടിക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ പുതിയ നായകനെ പ്രഖ്യാപിക്കും. ടി 20 ലോകകപ്പിന് ശേഷം വിരാട് കോലി നായകസ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ നായകനായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. നിലവിലെ ഉപനായകന്‍ രോഹിത് ശര്‍മ ടി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനാകും. ഐപിഎല്ലില്‍ ഏറ്റവും വിജയശതമാനമുള്ള ക്യാപ്റ്റനാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സിനെ വര്‍ഷങ്ങളായി നയിക്കുന്ന രോഹിത്തിന് ഇന്ത്യന്‍ ടീമിനെയും നല്ല രീതിയില്‍ നയിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

രോഹിത്തുമായി ചര്‍ച്ച ചെയ്ത ശേഷമാണ് താന്‍ നായകസ്ഥാനം ഒഴിയുകയാണെന്ന കാര്യം കോലി ബിസിസിഐയെ അറിയിക്കുന്നത്. രോഹിത് ശര്‍മയെ ടി 20 നായകനാക്കണമെന്ന് ബിസിസിഐയോട് കോലി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഉപനായകന്‍ എന്ന നിലയില്‍ രോഹിത് തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ടീമിനെ ഒത്തൊരുമയോടെ നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അടക്കമുള്ള നേതൃത്വത്തെയാണ് കോലി അറിയിച്ചിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :