ഏകദിനത്തിൽ 250 സിക്‌സുകൾ! ഇതിൽ 128 സിക്സറുകളും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ: ഇത് സിക്സർ ശർമ്മ

അഭിറാം മനോഹർ| Last Updated: ബുധന്‍, 13 ജൂലൈ 2022 (16:17 IST)
ലോകക്രിക്കറ്റിലെ സിക്സർ വീരന്മാരിൽ തന്നെ വെല്ലാൻ ഒരാളില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ച് ഇന്ത്യയുടെ രോഹിത് ശർമ. ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തിൽ അപരാജിത ഫിഫ്റ്റി കുറിച്ച താരം അഞ്ച് സിക്സറുകളാണ് സ്വന്തമാക്കിയത്. ഇതോടെ ഏകദിനക്രിക്കറ്റിൽ 250 സിക്സറുകളെന്ന റെക്കോർഡ് നേട്ടം ഹിറ്റ്മാൻ സ്വന്തമാക്കി.

കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാത്രം ഏകദിനത്തിൽ 128 സിക്സറുകളാണ് രോഹിത് നേടിയത്. 71 ഇന്നിങ്ങ്സുകളിൽ നിന്നാണ് ഇത്രയും സിക്സറുകൾ രോഹിത് സ്വന്തമാക്കിയത്. ഈ കാലയളവിൽ 100 സിക്സറുകൾ നേടിയ മറ്റൊരു താരവും ലിസ്റ്റിലില്ല. രണ്ടാം സ്ഥാനത്തുള്ള ക്രിസ് ഗെയ്ൽ ഈ കാലയളവിൽ 30 ഇന്നിങ്ങ്സുകളിൽ നിന്നും 93 സിക്സറുകളാണ് നേടിയിട്ടുള്ളത്.

59 ഇന്നിങ്ങ്സിൽ നിന്നും 79 സിക്സറുകളുമായി ഇംഗ്ലണ്ടിൻ്റെ ജോണി ബെയർസ്റ്റോയാണ് പട്ടികയിൽ മൂന്നാമത്. അന്താരാഷ്ട്രക്രിക്കറ്റിൽ ഒരു ഇന്നിങ്ങ്സിൽ അഞ്ചോ അതിലധികം സിക്സറുകളോ അടിച്ച താരങ്ങളുടെ പട്ടികയിലും രോഹിത് തന്നെയാണ് ഒന്നാമത്. 27 തവണയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ ഇതിഹാസ ഓപ്പണർ സെവാഗ് പോലും 10 തവണയാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :