അഭിറാം മനോഹർ|
Last Modified തിങ്കള്‍, 24 ജനുവരി 2022 (20:18 IST)
ഫിറ്റ്‌നസ് നിലനിർത്താനായാൽ രോഹിത് ശർമയെ തന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീം നായകസ്ഥാനത്തേക്ക് നിയമിക്കാമെന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്‌ത്രി.അജിങ്ക്യ രാഹാനെയുടെ മോശം ഫോമിനെ തുടർന്ന് കഴിഞ്ഞവർഷമാണ് രോഹിത്തിനെ ടെസ്റ്റ് ടീം വൈസ് ക്യാപ്‌റ്റനാക്കിയത്.
അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ പരിക്ക് കാരണം മാറി നിന്നപ്പോൾ രോഹിത്തിന് പകരം കെഎൽ രാഹുലിനെയാണ് ടീം വൈസ് ക്യാപ്‌റ്റൻ സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്. രോഹിത് ഫിറ്റാണെങ്കിൽ രോഹിത്തിനെ എന്തുകൊണ്ട് ടെസ്റ്റ് ടീമിന്റെയും നായകനാക്കികൂടാ എന്നാണ് ശാസ്‌ത്രി ചോദിക്കുന്നത്.
അതേസമയം മുഴുവൻ സമയം വൈസ് ക്യാപ്‌റ്റൻ എന്നതില്ലാതെയും ടീമിന് മുന്നോട്ട് പോകാമെന്ന് ശാസ്‌ത്രി അഭിപ്രായപ്പെട്ടു. പരമ്പര തീരുമാനിക്കുമ്പോൾ പ്രകടനവും അനുഭവസമ്പത്തും കണക്കിലെടുത്ത് ഒരാളെ വൈസ് ക്യാപ്‌റ്റനാക്കാമെന്നാണ് ശാസ്‌ത്രിയുടെ അഭിപ്രായം. അതേസമയം നേതൃസ്ഥാനത്തേയ്ക്ക് റിഷഭ് പന്തിനെ പരിഗണിക്കണമെന്നും ശാസ്‌ത്രി ആവശ്യപ്പെട്ടു.