അഭിറാം മനോഹർ|
Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (09:33 IST)
ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലേറ്റ നാണംകെട്ട തോൽവിയും ബാറ്റിങ്ങിലെ തുടർച്ചയായ പരാജയവുമായിരുന്നു വിരാട് കോലിക്ക് ഇന്ത്യൻ നായകസ്ഥാനം നഷ്ടമാക്കിയത്. ടി20 നായകസ്ഥാനത്ത് നിന്നും കോലി മാറി നിന്നപ്പോൾ ഏകദിന,ടെസ്റ്റ് ടീം നായകസ്ഥാനം കോലിയിൽ നിന്ന് രോഹിത്തിലേക്ക് കൈമാറപ്പെടുകയായിരുന്നു.
നായകസ്ഥാനമേറ്റെടുത്ത ശേഷം തുടർച്ചയായി 3 പരമ്പരകളാണ് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ പിടിച്ചെടുത്തത്. എന്നാൽ തുടർ വിജയങ്ങൾ നായകനെന്ന നിലയിൽ സ്വന്തമാക്കുമ്പോഴും നായകസ്ഥാനം രോഹിത്തിന്റെ ബാറ്റിങ്ങിനെ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം നായകനായി വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ 40,19, 7 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്കോറുകൾ. ശ്രീലങ്കയ്ക്ക് എതിരേ ആദ്യ മത്സരത്തില്‍ 44 റണ്‍സ് അടിച്ച താരം ബാക്കി രണ്ട് മത്സരത്തിലും ചെറിയ സ്കോറിന് പുറത്താവുകയും ചെയ്‌തു. പരമ്പരയിൽ വെറും 50 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിരുന്നുള്ളൂ. ഇതോടെ റാങ്കിങില്‍ രണ്ടു സ്ഥാനങ്ങൾ നഷ്ടമായ ഹിറ്റ്‌മാൻ പതിനൊന്നാം സ്ഥാനത്ത് നിന്ന് പതിമൂന്നാം സ്ഥാനത്തെത്തി.