Rohit Sharma Announces Retirement: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ രോഹിത് നയിക്കട്ടെ എന്ന തീരുമാനത്തിലായിരുന്നു ബിസിസിഐ

Rohit Sharma Announces Retirement
Rohit Sharma
രേണുക വേണു| Last Modified ബുധന്‍, 7 മെയ് 2025 (19:42 IST)

Rohit Sharma: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രോഹിത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഏകദിന ക്രിക്കറ്റില്‍ മാത്രമായിരിക്കും രോഹിത് ഇനി ഇന്ത്യക്കായി കളിക്കുക.

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയെ രോഹിത് നയിക്കട്ടെ എന്ന തീരുമാനത്തിലായിരുന്നു ബിസിസിഐ. എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്നും പുതിയ നായകനെ പ്രഖ്യാപിക്കണമെന്നും രോഹിത് ബിസിസിഐയെ അറിയിച്ചു.

' ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന കാര്യം നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് വലിയ അഭിമാനമായി ഞാന്‍ കാണുന്നു. വര്‍ഷങ്ങളായി നിങ്ങള്‍ എനിക്കു നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നത് ഞാന്‍ തുടരും.' രോഹിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്ത്യക്കായി 67 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച രോഹിത് 116 ഇന്നിങ്‌സുകളില്‍ നിന്ന് 40.57 ശരാശരിയില്‍ 4,301 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 12 സെഞ്ചുറികളും 18 അര്‍ധ സെഞ്ചുറികളും രോഹിത്തിന്റെ പേരിലുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലാണ് രോഹിത് അവസാനമായി ഇന്ത്യയെ ടെസ്റ്റ് ഫോര്‍മാറ്റില്‍ നയിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :