'രോഹിത്, നിങ്ങള്‍ ഈ കളിയില്‍ ഇറങ്ങണം'; 14 വര്‍ഷം മുന്‍പ് ദ്രാവിഡ് തന്നോട് പറഞ്ഞത് പങ്കുവച്ച് ഇന്ത്യന്‍ നായകന്‍

രേണുക വേണു| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (10:21 IST)

ഇന്ത്യന്‍ ക്രിക്കറ്റ് പുതിയ യുഗത്തിലേക്ക് കടക്കുകയാണ്. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനവും രോഹിത് ശര്‍മ ട്വന്റി 20 നായകസ്ഥാനവും ഏറ്റെടുത്തതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. പേടിയില്ലാതെ കളിക്കുന്ന ഒരു ടീമിനെ വാര്‍ത്തെടുക്കുകയാണ് രാഹുല്‍ ദ്രാവിഡിന്റെ ചുമതല. ദ്രാവിഡിന്റെ കീഴില്‍ നായക ചുമതല വഹിക്കാന്‍ സാധിക്കുന്നതില്‍ രോഹിത് വളരെ സന്തുഷ്ടനാണ്. ഇന്ത്യയ്ക്കായി കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാമെന്ന പ്രതീക്ഷയിലാണ് രോഹിത്.

ദ്രാവിഡിനൊപ്പം ഇരിക്കുമ്പോള്‍ 14 വര്‍ഷം മുന്‍പത്തെ അനുഭവമാണ് രോഹിത്തിന് ഓര്‍മ വരുന്നത്. 2007 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നടക്കുന്നു. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ നായകന്‍. രാഹിത് ശര്‍മയ്ക്ക് പ്രായം 20 വയസ് മാത്രം. അയര്‍ലാന്‍ഡിലാണ് പരമ്പര നടക്കുന്നത്. അന്ന് ദ്രാവിഡ് തന്റെ അടുത്ത് വന്ന് പറഞ്ഞത് രോഹിത് ഇന്നും ഓര്‍ക്കുന്നു. ' രോഹിത് നിങ്ങള്‍ ഈ മത്സരത്തില്‍ ഇന്ത്യയ്ക്കായി കളിക്കുന്നു,' എന്നാണ് ദ്രാവിഡ് രോഹിത്തിനോട് അന്ന് പറഞ്ഞത്. അങ്ങനെ ഇന്ത്യയ്ക്കായി രോഹിത് കളത്തിലിറങ്ങി. ആ സമയത്ത് താന്‍ ആകാശത്താണോ എന്ന് തോന്നിപ്പോയെന്നും രോഹിത് പറയുന്നു. ഇന്ത്യന്‍ ഡ്രസിങ് റൂമിന്റെ ഭാഗമാകുക എന്നത് എക്കാലത്തും തന്റെ സ്വപ്‌നമായിരുന്നു എന്നും 14 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഇന്ത്യയ്ക്കായി കളിക്കാന്‍ സാധിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :