അഭിറാം മനോഹർ|
Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (19:26 IST)
ഇന്ത്യൻ എ ടീമിൻ്റെ നായകനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കി സഞ്ജു സാംസൺ. ന്യൂസിലൻഡ് എയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ചുവിൻ്റെ ക്യാപ്റ്റൻസി മികവിൽ കിവികളെ വെറും 167 റൺസിന് തളയ്ക്കാൻ ഇന്ത്യയ്ക്കായി. മറുപടി ബാറ്റിങ്ങിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിനെതിരെ ശാർദൂൽ ഠാക്കൂർ നാലും കുൽദീപ് സെൻ മൂന്നും വിക്കറ്റ് നേടി. തുടക്കം മുതൽ സ്ട്രൈക്ക് ബൗളർമാരെ സമർഥമായി ഉപയോഗിക്കാൻ സഞ്ജുവിനായെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്. എട്ടോവർ പിന്നിടും മുൻപ് തന്നെ കിവികളുടെ അഞ്ച് വിക്കറ്റ് വീഴ്ത്താൻ ഇന്ത്യൻ ബൗളിങ് നിരയ്ക്കായി. മധ്യനിരയിൽ മൈക്കിൾ റിപ്പൺ നേടിയ 61 റൺസാണ് കിവികളെ രക്ഷപ്പെടുത്തിയത്.
ബാറ്റിങ്ങിലും നായകൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സഞ്ജു മൂന്നിന് 101 എന്ന നിലയിൽ ക്രീസിലെത്തുകയും കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയിപ്പിച്ചെടുക്കുകയും ചെയ്തു. ക്യാപ്റ്റൻസി മികവിനൊപ്പം ധോനിയുടെ ഫിനിഷിങ് സ്റ്റൈലിന് സമാനമായി സിക്സറോടെയാണ് സഞ്ജു മത്സരം വിജയിപ്പിച്ചത്.