വെബ്‌ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 25 ഫെബ്രുവരി 2021 (15:00 IST)
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചറിയ്ക്ക് പിന്നാലെ ഡേനൈറ്റ് ടെസ്റ്റ് ആയ മൂന്നാം ടെസ്റ്റിലും
രോഹിത് ശർമ്മ മികച്ച പ്രകടനം പുറത്തെടുക്കകയാണ്. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിലെ അർധ സെഞ്ച്വറി പ്രകടനത്തോടെ ഒരുപിടി റെക്കോർഡുകളാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ സ്വന്തമാക്കിയത്. ഇവ ഓരോന്നും പ്രധാനപ്പെട്ട റെക്കോർഡുകൾ തന്നെ. ഡേനൈറ്റ് ടെസ്റ്റിൽ ആദ്യ ദിനത്തിൽ അർധ സെഞ്ച്വറി നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ 6000 റൺസ് എന്ന വലിയ നാഴികക്കല്ല് രോഹിത് പിന്നിട്ടു. ഈ നേട്ടം കൈവരിയ്ക്കുന്ന ഒൻപതാമത്തെ ഇന്ത്യൻ താരമാണ് രോഹിത് ശർമ്മ.
സച്ചിൻ, സെവാഗ്, സൗരവ് ഗാംഗുലി എംസ് ധോണി, വിരാട് കോഹ്ലി, എന്നിവർ ഉൾപ്പെടുന്ന എലീറ്റ് ക്ലബ്ബിലേയ്ക്കാണ് ഇതോടെ രോഹിത് ശർമ്മയും എത്തിയിരിയ്ക്കുന്നത്. ഏല്ലാ ഫോർമാറ്റിലും 2,500 ലധികം റൺസ് സ്കോർ ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ താരമായി മാറാനും രോഹിത്തിനായി. 37 ടെസ്റ്റില്‍ നിന്ന് 2,532 റണ്‍സും 224 ഏകദിനത്തില്‍ നിന്ന് 9,115 റണ്‍സും 108 ടി20യില്‍ നിന്ന് 2,773 റണ്‍സുമാണ് രോഹിതിന്റെ പേരിലുള്ളത്. ടെസ്റ്റില്‍ ഓപ്പണര്‍മാരില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങളില്‍ രോഹിത് ശര്‍മ ടോം ലാദത്തിന്റെയും ഡോം സിബ്ലിയുടെയും റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. ആറ് അര്‍ധ സെഞ്ച്വറികളാണ് മൂവരും നേടിയത്.