രേണുക വേണു|
Last Modified തിങ്കള്‍, 6 നവംബര്‍ 2023 (11:17 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ വിരാട് കോലിയുടെ ഇന്നിങ്‌സിനെ പുകഴ്ത്തി നായകന്‍ രോഹിത് ശര്‍മ. പിച്ചിന്റെ സ്വഭാവം ബൗളര്‍മാര്‍ക്ക് അനുകൂലമായിരുന്നെന്നും വിരാട് കോലിയെ പോലൊരു ബാറ്റര്‍ മുഴുവന്‍ സമയം ക്രീസില്‍ ഉണ്ടായിരിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമായിരുന്നെന്നും രോഹിത് പറഞ്ഞു.
'സാഹചര്യത്തിനനുസരിച്ച് കോലി കളിക്കുകയും അവന്‍ അവിടെ മുഴുവന്‍ സമയം ഉണ്ടായിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു. പിച്ചിന്റെ സ്വഭാവം ഞങ്ങള്‍ മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ സാഹചര്യത്തിനനുസരിച്ച് പന്തെറിയുകയും ബാക്കി പിച്ചിന്റെ സ്വഭാവം കാരണം സംഭവിക്കുകയും ചെയ്തു,' രോഹിത് പറഞ്ഞു.
തനിക്ക് ടീം മാനേജ്‌മെന്റില്‍ നിന്ന് കിട്ടിയ നിര്‍ദേശം അനുസരിച്ചാണ് വളരെ ശ്രദ്ധയോടെ ബാറ്റ് ചെയ്തതെന്ന് കോലിയും പറഞ്ഞു. ബാറ്റര്‍മാരെ കബളിപ്പിക്കുന്ന പിച്ചായിരുന്നു കൊല്‍ക്കത്തയിലേതെന്നും പത്താം ഓവറിന് ശേഷം പിച്ച് ടേണിങ് സ്വഭാവം കാണിച്ചെന്നും കോലി പറഞ്ഞു. അവസാനം വരെ കളിക്കാനാണ് എനിക്ക് ടീം മാനേജ്മെന്റില്‍ നിന്നു കിട്ടിയ നിര്‍ദേശം. മറ്റു ബാറ്റര്‍മാര്‍ വന്ന് എനിക്ക് വിപരീതമായി കളിക്കും. പിച്ചിന്റെ സ്വഭാവം അനുസരിച്ച് ഇത്തരമൊരു ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആവശ്യമായിരുന്നതെന്നും കോലി വ്യക്തമാക്കി.