ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിനൊപ്പം; അടുത്തത് വേഗം നേടണമെന്ന് ആശംസ

277 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 49 സെഞ്ചുറി നേടിയത്. സച്ചിന് 49 സെഞ്ചുറികള്‍ നേടാന്‍ 452 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു

രേണുക വേണു| Last Updated: തിങ്കള്‍, 6 നവം‌ബര്‍ 2023 (08:30 IST)

ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം എത്തി വിരാട് കോലി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെയാണ് കോലി സച്ചിനൊപ്പം എത്തിയത്. 49 ഏകദിന സെഞ്ചുറികളാണ് സച്ചിന്റേയും കോലിയുടേയും പേരില്‍ ഉള്ളത്. ഇത് ലോക റെക്കോര്‍ഡാണ്. ഏകദിന സെഞ്ചുറികളില്‍ രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മ സച്ചിന്‍, കോലി എന്നിവരേക്കാള്‍ ബഹുദൂരം പിന്നിലാണ്.

277 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 49 സെഞ്ചുറി നേടിയത്. സച്ചിന് 49 സെഞ്ചുറികള്‍ നേടാന്‍ 452 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു. രോഹിത് 31 സെഞ്ചുറികള്‍ നേടിയിരിക്കുന്നത് 251 ഇന്നിങ്‌സുകളില്‍ നിന്ന്. 35-ാം ജന്മദിന ദിവസമാണ് കോലി 49-ാം ഏകദിന സെഞ്ചുറി നേടി സച്ചിനൊപ്പം എത്തിയത് എന്ന പ്രത്യേകതയും ഉണ്ട്. ജന്മദിനത്തില്‍ ഏകദിന സെഞ്ചുറി നേടുന്ന ഏഴാം താരമാണ് കോലി. നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിനോദ് കാംബ്ലി എന്നീ ഇന്ത്യന്‍ താരങ്ങളും സമാന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

49-ാം സെഞ്ചുറിയില്‍ നിന്ന് 50-ാം സെഞ്ചുറിയിലേക്ക് എത്താന്‍ തനിക്ക് 365 ദിവസങ്ങള്‍ വേണ്ടിവന്നെന്നും കോലിക്ക് 49 ല്‍ നിന്ന് 50 ലേക്ക് എത്താന്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് സാധിക്കട്ടെ എന്നും സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആശംസിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :