'ധോണിയായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു'; ബാറ്റിങ്ങില്‍ പരാജയപ്പെട്ട റിഷഭ് പന്ത് വിക്കറ്റിനു പിന്നിലും വില്ലനായി (Video)

ശ്രീലങ്കയ്ക്ക് ജയിക്കാന്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ ഒരു വിക്കറ്റിനു സാധ്യതയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കളഞ്ഞുകുളിച്ചത്

രേണുക വേണു| Last Updated: ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (08:23 IST)

Rishabh Pant: ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 173 റണ്‍സാണ് നേടിയത്. ശ്രീലങ്ക 19.5 ഓവറില്‍ വെറും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം കണ്ടു.

ശ്രീലങ്കയ്ക്ക് ജയിക്കാന്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ ഒരു വിക്കറ്റിനു സാധ്യതയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കളഞ്ഞുകുളിച്ചത്. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ശ്രീലങ്കന്‍ നായകന്‍ ഷനകയായിരുന്നു ക്രീസില്‍. അര്‍ഷ്ദീപിന്റെ പന്ത് ഷനകയ്ക്ക് കളിക്കാന്‍ സാധിച്ചില്ല. അത് കൃത്യമായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തി. ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം വേണ്ടിയിരുന്നതിനാല്‍ ഷനക റണ്‍സിനായി ഓടി. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ഉണ്ടായിരുന്ന ബനുക രജപക്‌സെയ്ക്ക് സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടിയെത്താന്‍ സമയമുണ്ടായിരുന്നില്ല.


അനായാസം രജപക്‌സെയെ റണ്‍ഔട്ടാക്കാന്‍ റിഷഭ് പന്തിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ബോള്‍ വിക്കറ്റിലെറിഞ്ഞ് കൊള്ളിക്കാന്‍ പന്തിന് സാധിച്ചില്ല. ആ ബോളില്‍ രണ്ട് റണ്‍സാണ് ഒടുവില്‍ ശ്രീലങ്ക ഓടിയെടുത്തത്. മത്സരത്തില്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.

മത്സരശേഷം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വിക്കറ്റിനു പിന്നില്‍ മഹേന്ദ്രസിങ് ധോണിയെ മിസ് ചെയ്യുന്നുണ്ടെന്ന് ആരാധകര്‍ പറഞ്ഞു. കീപ്പറായി ധോണി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നാണ് ആരാധകരുടെ കമന്റ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :