രേണുക വേണു|
Last Updated:
ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (07:50 IST)
India vs Sri Lanka: ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തേക്ക്. സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് ആറ് വിക്കറ്റിന് ഇന്ത്യ തോല്‍വി വഴങ്ങി. നേരത്തെ പാക്കിസ്ഥാനോടും സൂപ്പര്‍ ഫോറില്‍ ഇന്ത്യ തോറ്റിരുന്നു. മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ ആശ്രയിച്ചായിരിക്കും ഇനി ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ വഴിമുട്ടിയിരിക്കുകയാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 173 റണ്‍സാണ് നേടിയത്. ശ്രീലങ്ക 19.5 ഓവറില്‍ വെറും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം കണ്ടു. 18 പന്തില്‍ 33 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും ഇന്ത്യയുടെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയാണ് കളിയിലെ താരം.
നിസങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. നിസങ്ക 52 റണ്‍സും മെന്‍ഡിസ് 57 റണ്‍സും നേടി. 11.1 ഓവറില്‍ 97 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീട് ഇടവേളകളില്‍ ശ്രീലങ്കയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ബനുക രജപക്‌സെയും നായകന്‍ ഷനകയും ചേര്‍ന്ന് വിജയതീരത്ത് എത്തിച്ചു. ഇന്ത്യക്ക് വേണ്ടി യുസ്വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
തുടക്കം പതറിയെങ്കിലും രോഹിത് ശര്‍മ നായകന്റെ ഉത്തരവാദിത്തം മനസ്സിലാക്കി ബാറ്റ് വീശിയതാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് 41 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 72 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 34 റണ്‍സുമായി രോഹിത്തിന് പിന്തുണ നല്‍കി.
കെ.എല്‍.രാഹുല്‍ ആറ് റണ്‍സിനും വിരാട് കോലി പൂജ്യത്തിനും പുറത്തായതാണ് തുടക്കത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. ഹാര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 17), റിഷഭ് പന്ത് (13 പന്തില്‍ 17), ദീപക് ഹൂഡ (നാല് പന്തില്‍ മൂന്ന്) എന്നിവരും നിരാശപ്പെടുത്തി.
ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുഷങ്ക നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദസുന്‍ ഷനക ചാമിക കരുണരത്‌നെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.