വിമർശകർക്ക് തെറ്റ് പറ്റിയെന്ന് തെളിയിക്കേണ്ടത് പന്തിന്റെ മാത്രം കടമ: പന്തിന് ഉപദേശവുമായി ഇന്ത്യൻ ഇതിഹാസ താരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 27 ജനുവരി 2020 (15:41 IST)
എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് റിഷഭ് പന്ത്. കരിയറിന്റെ തുടക്കകാലത്ത് വലിയ പ്രതീക്ഷകളുയർത്തിയ താരമായിരുന്നുവെങ്കിലും പിന്നീട് തുടർച്ചയായി ബാറ്റിങ്ങിലും ഫീൽഡിങ്ങിലും പരാജയമായത് പന്തിന് വലിയ തിരിച്ചടിയാണ് നൽകിയത്. ഇതിനിടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തോട് കൂടി കെ എൽ രാഹുൽ എന്ന നിലയിലും തിളങ്ങിയപ്പോൾ തന്റെ സ്ഥാനം ഏറെകുറെ നഷ്ടപ്പെട്ട നിലയിലാണ് ഋഷഭ് പന്ത് ഇപ്പോളുള്ളത്.ഈ സാഹചര്യത്തിൽ പന്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്
ഇതിഹാസ നായകനും ഓൾറൗണ്ടറുമായ കപിൽ ദേവ്.

പന്ത് വളരെ കഴിവുള്ള താരമാണ്. പക്ഷേ പന്തിന് ദേശീയ ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിൽ ആരെയും കുറ്റപ്പെടുത്താൻ സാധിക്കില്ല. സ്വയം പഴിക്കാനേ പന്തിനിപ്പോൾ സാധിക്കുകയുള്ളു. കൂടുതൽ റൺസുകൾ നേടി വിമര്‍ശകരുടെ വായടപ്പിക്കുകയെന്ന വഴി മാത്രമേ ഇനി പന്തിനു മുന്നിലുള്ളൂവെന്നും കപില്‍ പറഞ്ഞു. നിങ്ങൾക്ക് കഴിവുകളുണ്ടെങ്കിൽ വിമർശകർക്ക് മുൻപിൽ അത് തെളിയിക്കേണ്ടത് നിങ്ങൾ തന്നെയാണ്.തന്നെ ഒഴിവാക്കുകയോ വിശ്രമം അനുവദിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾക്ക് ഇടയാക്കാൻ നമ്മൾ അവസരം ഒരിക്കലും നൽകരുതെന്നും കപിൽ പറഞ്ഞു.

പന്തിന് പകരം രാഹുലിനെ കീപ്പറായി തീരുമാനിച്ചത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണെന്നും ഇതിനെ പറ്റി തനിക്കൊന്നുമറിയില്ലെന്നും കപിൽ പറഞ്ഞു. രാഹുൽ കീപ്പറായി മാറിയതോടെ ടീം കൂടുതൽ സന്തുലിതമായതായി നേരത്തെ ഇന്ത്യൻ നായകൻ വിരാട് കോലി വ്യക്തമാക്കിയിരുന്നു. കൂടാതെ രാഹുലിനെ പോലെ ഒരാൾ കീപ്പിങ് ഏറ്റെടുക്കുമ്പോൾ മറ്റൊരു ബാറ്റ്സ്മാനെ ടീമിൽ അധികമായി ഉൾപ്പെടുത്താൻ കഴിയുന്നത് ടീമിന് കൂടുതൽ കരുത്ത് നൽകുമെന്നും കോലി പറഞ്ഞിരുന്നു. ഇന്ത്യയുടെ കഴിഞ അഞ്ച് മത്സരങ്ങളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :