അഭിറാം മനോഹർ|
Last Modified ബുധന്‍, 28 ഓഗസ്റ്റ് 2024 (16:56 IST)
അടുത്തമാസം തുടങ്ങുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റിനുള്ള ടീമില്‍ നിന്നും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കി. ഒഴിവാക്കാനുള്ള കാരണം എന്തെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. അതേസമയം വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകള്‍ കണക്കിലെടുത്ത് താരത്തിന് വിശ്രമം അനുവദിച്ചതായി സൂചനയുണ്ട്. അഭിമന്യൂ ഈശ്വരന്‍ നയിക്കുന്ന ടീം ബിയുടെ ഭാഗമായിരുന്നു ജഡേജ.
ടി20 ലോകകപ്പിന് പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്നും ജഡേജ വിരമിച്ചിരുന്നു. നിലവില്‍ ഏകദിനത്തിലും ടെസ്റ്റിലും മാത്രമാണ് ജഡേജ കളിക്കുന്നത്. എന്നാല്‍ ഏകദിനത്തില്‍ അക്‌സര്‍ പട്ടേലിനെയാണ് ടീം ജഡേജയ്ക്ക് മുകളില്‍ പരിഗണിക്കുന്നത് എന്നതിനാല്‍ റെഡ് ഫോര്‍മാറ്റിലേക്ക് ശ്രദ്ധ തിരിക്കാനാകും ജഡേജയുടെ തീരുമാനം. രവീന്ദ്ര ജഡേജയ്ക്ക് പുറമെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെയും ഉമ്രാന്‍ മാലിക്കിനെയും ദുലീപ് ട്രോഫിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അസുഖം കണക്കിലെടുത്താണ് ഇവരെ ഒഴിവാക്കിയത്.
സിറാജിന് പകരം നവദീപ് സെയ്‌നിയേയും ഉമ്രാന്‍ മാലിക്കിന് പകരം ഗൗരവ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തി. സെപ്റ്റംബര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. അടുത്തമാസം 19ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം തിരെഞ്ഞെടുപ്പ് ദുലീപ് ട്രോഫി പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാകുമെന്നാണ് കരുതുന്നത്. നിലവില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി,ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് മാത്രമാണ് ദുലീപ് ട്രോഫിയില്‍ വിശ്രമം അനുവദിച്ചിട്ടുള്ളത്.